ഷിമോഗ വഴി ബാംഗ്ലൂർ | ദീപേഷ് ചാലിശ്ശേരി

 


സജിത്ത് തന്റെ യാത്രയെ കുറിച്ച് പറഞ്ഞുതുടങ്ങി, മസനഗുഡി വഴി ഊട്ടി ആണല്ലോ ഇപ്പോൾ ട്രെന്റ്, ഇത് കുറച്ചു വർഷങ്ങൾക്ക് പുറകുള്ള ഒരു യാത്രയാണ്, ഷിമോഗ വഴി ബാംഗ്ലൂർ.

ബാംഗ്ലൂരിൽ നിന്ന് ലീവിന് നാട്ടിൽ വന്ന് തിരിച്ചുപോകുമ്പോൾ, മൂകാംബിക പോയി തൊഴണം എന്ന് ഒരു ആഗ്രഹം, കാറിലാണ് യാത്ര, കുറെ കാലം ആയി ജീവിതം ഇങ്ങിനെയൊക്കെ ആണ്, ഒന്നും മുൻകൂട്ടി തീരുമാനിക്കാറില്ലല്ലോ, അങ്ങിനെ മംഗലാപുരം വഴി മൂകാംബിക എത്തി.

മൂകാംബികയിൽ തൊഴുത്‌ കുടജാദ്രിയിൽ പോയി വൈകുന്നേരത്തോട് കൂടിയാണ് അവിടെ നിന്നും തിരിക്കുന്നത്, മൂകാംബികയിൽ നിന്നും ബാംഗ്ലൂർക്ക് ഷിമോഗ വഴി ആണ് എളുപ്പം, അതുകൊണ്ടു തന്നെ യാത്ര അതുവഴി ആക്കി. അത്യാവശ്യം ഹെയർപിൻ വളവുകളും, കൊടുംകാടും, വന്യമൃഗങ്ങളും ഒക്കെ ഉള്ള വഴിയാണ്, ഒറ്റക്കാണ് യാത്ര.

ഏകദേശം ഒന്നര മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ശക്തമായി മഴ പെയ്യാൻ തുടങ്ങി, ഇലകളെല്ലാം വീണു കിടക്കുന്ന കാനന പാത ആയതിനാൽ മഴ പെയ്തു തുടങ്ങിയപ്പോൾ കാറ് ചെറുതായി തെന്നുന്നുണ്ട്, അതുകൊണ്ടു തന്നെ വളരെ പതുക്കെ ആണ് യാത്ര. വിജനമായ വഴിയാണ്, അങ്ങ് ഇങ്ങായി ഒന്നോ രണ്ടോ കടകൾ കാണാം, ഫോറസ്ററ് ഏരിയ ആണ്, ഇടക്ക് ചെറിയ ഗ്രാമങ്ങൾ വരും. അങ്ങിനെ ഒരു ഗ്രാമത്തിന്റെ അവസാനം എത്താറായപ്പോൾ കാറിന് ചെറിയ മിസ്സിംഗ് , വണ്ടി വിചാരിച്ചതു പോലെ മുന്നോട്ട് നീങ്ങുന്നില്ല. വണ്ടി വഴിയിൽ ഒതുക്കി അടുത്തുകണ്ട കടക്കാരോട് ചോദിച്ചപ്പോൾ, രണ്ടു കിലോമീറ്റർ മുന്നോട്ട് പോയാൽ ചെറിയ ഒരു വർക്ക് ഷോപ് ഉണ്ട്, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും, ഇതുവഴി വരുന്ന വാഹനങ്ങൾ നോക്കാൻ ഇരിക്കുന്നതാണ് എന്നും പറഞ്ഞു. അങ്ങിനെ വണ്ടി എടുത്തു മുന്നോട്ട് നീങ്ങി, വർക്ക് ഷോപ്പിന് അടുത്ത് എത്തിയപ്പോൾ അത് അടഞ്ഞു കിടക്കുന്നു, മിസ്സിംഗ് ഉള്ള വണ്ടിയുമായി മുന്നോട്ട് പോകാൻ ധൈര്യം പോര, ഇവിടുന്ന് അങ്ങോട്ട് ഏകദേശം ഇരുപത് കിലോമീറ്ററോളം ഇനി കാടാണ്, അങ്ങിനെ വണ്ടി വർക്ക് ഷോപ്പിന് മുന്നിൽ ഇട്ട് എവിടെയെങ്കിലും ഹോം സ്റ്റേ ലഭിക്കുമോ എന്ന് അന്വേഷിക്കാൻ മുന്നോട്ട് നടന്നു. അടുത്തു കണ്ട ഒരു പഴയ വീടിന്റെ മുന്നിൽ ഇരുന്നിരുന്ന പ്രായം ചെന്ന മനുഷ്യനോട് കാര്യം പറഞ്ഞു, വണ്ടിക്ക് ചെറിയ കംപ്ലയിന്റ്, വർക്ക്‌ ഷോപ്പിലേക്ക് വന്നതാണ് അത് തുറന്നിട്ടില്ല, അടുത്ത് എവിടെയെങ്കിലും ഹോം സ്റ്റേ കിട്ടുമോ? അവർ ഇന്ന് തുറന്നിട്ടില്ല, ഞാൻ ഇവിടെ ഹോം സ്റ്റേ നൽകാറുണ്ട്, നാളെ വർക്ക് ഷോപ് തുറന്ന് കാണിച്ചിട്ട് പോകാം, പക്ഷെ ഭക്ഷണം ഒന്നും ലഭിക്കില്ല അദ്ദേഹം മറുപടി നൽകി. രാത്രി കഴിയാൻ ഒരു ഇടം കിട്ടിയ സന്തോഷത്തിൽ, മറ്റൊന്നും ചിന്തിക്കാതെ കാറിൽ നിന്നും ബാഗ് എടുത്തു തിരിച്ചു വന്നു, അദ്ദേഹം വാതിൽ തുറന്ന് തന്നു. ബാഗ് അകത്തുവെച്ച് അല്പസമയത്തിന് ശേഷം പുറത്തുവന്നപ്പോൾ അദ്ദേഹം അവിടെ തന്നെ ഇരിക്കുന്നുണ്ട്, ഇവിടുത്തെ ബാത്ത് റൂം അല്ലാതെ കുളിക്കുന്നതിന് അടുത്ത് വല്ല സൗകര്യവും ഉണ്ടോ അദ്ദേഹത്തോട് ചോദിച്ചു, അടുത്ത് ഒരു അരുവി ഉണ്ട് സൗപർണികയിലേക്കുള്ള കൈവഴി ആണ് നല്ല തണുപ്പ് ആയിരിക്കും വേണമെങ്കിൽ അവിടെ പോകാം അദ്ദേഹം മറുപടി പറഞ്ഞു. അപൂർവ്വമായി ലഭിക്കുന്ന അവസരം അല്ലെ, മഴ ചാറുമ്പോൾ അരുവിയിൽ ഒരു കുളി, അത് എന്തിന് പാഴാക്കണം, അകത്തു ചെന്ന് സോപ്പും തോർത്തും എടുത്തു പുറത്തേക്കു വന്നപ്പോൾ, ഞാൻ വഴി കാണിച്ചുതരാം എന്ന് പറഞ്ഞ് അദ്ദേഹം മുന്നിൽ നടന്നു, അദ്ദേഹം ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല, അരുവി കാണിച്ചു തന്ന് അദ്ദേഹം തിരിച്ചു നടന്നു.

കുളി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ, അദ്ദേഹം ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്, ചായയോ കാപ്പിയോ വേണോ അദ്ദേഹം ചോദിച്ചു, വേണ്ട എന്റെ കയ്യിൽ ജ്യൂസ്‌ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് വീടിന്റ അകത്തേക്ക് നടന്നു, വാതിൽ എല്ലാം അടച്ച് കിടക്കണം, എന്തെങ്കിലും ശബ്ദം കേട്ടാൽ പുറത്തേക്കൊന്നും ഇറങ്ങരുത്, വന്യജീവികൾ ഉള്ള സ്ഥലം ആണ് അദ്ദേഹം ഓർമ്മപ്പെടുത്തി.

കുടജാദ്രിയിൽ പോയതിന്റെയും, യാത്ര ചെയ്തതിന്റെയും ഒക്കെ ക്ഷീണം കാരണം പെട്ടന്ന് തന്നെ ഉറങ്ങി. വലിയ ശബ്ദം കേട്ടാണ് പിന്നീട് ഉണരുന്നത്, ആരോ ജനലിൽ ശക്തിയായി അടിക്കുന്ന ശബ്ദം, അദ്ദേഹത്തിന്റെ വാക്കുകൾ ഓർമ്മവന്നു, എവിടെ നിന്നോ ഒരു കരച്ചിൽ കേൾക്കുന്നുണ്ട്, ചീവീടിന്റെ ശബ്ദവും, മഴയുടെ ആരവവും ഉണ്ടെങ്കിലും, അരുവി ഒഴുകുന്ന നേർത്ത ശബ്ദം കേൾക്കാം, വല്ല മൃഗങ്ങളുടെയും കരച്ചിൽ ആയിരിക്കും, ആ മരക്കട്ടിലിൽ കുറച്ച് നേരം എണീറ്റ് ഇരുന്നപ്പോൾ വല്ലാത്ത ദാഹം, ജ്യൂസ്‌ അല്ലാതെ മറ്റൊന്നും കയ്യിൽ ഇല്ല, പുറത്തിറങ്ങി നോക്കാം എന്ന് കരുതി റൂമിന്റെ വാതിൽ തുറന്ന്, വരാന്തയിലേക്ക് വന്നപ്പോൾ അവിടെ ലൈറ്റ് ഇല്ല, ഉമ്മറത്തെ വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്, അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അവിടെ പണ്ട് എന്നോ ഉപയോഗിച്ച കുറച്ച് പാത്രങ്ങൾ മാത്രം, ആ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞിട്ടും ഒരു തുള്ളി വെള്ളം കിട്ടിയില്ല, അവസാനം റൂമിൽ വന്ന് ജ്യൂസ്‌ എടുത്തു കുടിച്ച് വീണ്ടും കിടന്നു.

പക്ഷെ എന്തോ ഒരു അസ്വസ്ഥത പോലെ, പുറത്ത് വരാന്തയിൽ ആരോ നടക്കുന്നത് പോലുള്ള ശബ്ദം, പുറത്തുനിന്ന് ശക്തമായ കരച്ചിൽ, വീണ്ടും വാതിൽ തുറന്ന് വരാന്തയിൽ ചെന്ന് നോക്കി അവിടെ ആരെയും കാണുന്നില്ല, തിരിച്ചു വന്ന് കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല, മൊബൈൽ എടുത്തു നോക്കി അതിന് റേഞ്ച് ഇല്ല, സമയം രാത്രി ഒന്നരയോട് അടുക്കുന്നു, പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ട്, ആ കരച്ചിലിന്റെ തീവ്രത കൂടിക്കൂടി വന്നു, അങ്ങിനെ ജനൽ തുറന്ന് നോക്കാൻ തന്നെ തീരുമാനിച്ചു, പഴയ ഒരു മരത്തിന്റെ ജനൽ ആണ്, വളരെ ആയാസപ്പെട്ട് അതിന്റെ കൊളുത്ത് ഊരി ഒരുവിധത്തിൽ ജനൽ തുറന്നു, അപ്പോൾ കണ്ട കാഴ്ച്ച, മുൻപ് കുളിക്കാൻ പോയ അരുവിയോട് ചേർന്ന് നിൽക്കുന്ന മരത്തിന് മുകളിൽ ഒരു തീ ഗോളം, അത് പതിയെ അടുത്ത മരത്തിലേക്ക് നീങ്ങുന്നു, അവിടെ നിന്നാണ് ആ കരച്ചിൽ. ഒറ്റതവണയേ നോക്കിയുള്ളു ഉടനെ ജനൽ അടച്ചു, കുറച്ച് കഴിഞ്ഞ് ഒന്ന് കൂടി ജനൽ തുറന്ന് നോക്കി, ആ തീഗോളം ഇപ്പോഴും അവിടെ ഉണ്ട്, മഴ ഉണ്ടെങ്കിലും തീ ആളിക്കത്തുന്നുണ്ട്, നോക്കിയപ്പോൾ കരച്ചിൽ കുറേകൂടി തീവ്രമായി, ഉടനെ തന്നെ ജനൽ അടച്ച് കട്ടിലിൽ വന്നിരുന്നു. പെരുവിരലിലൂടെ ഇരച്ചു കയറിയ ഭയം ഞരമ്പുകളെ വലിച്ചു മുറുക്കി, തൊണ്ട വരളുന്നത് പോലെ, പുറത്ത് നല്ല മഴ പെയ്യുമ്പോഴും വല്ലാതെ വിയർത്തു. മിനിറ്റുകൾക്ക് മണിക്കൂറിന്റ ദൈർഘ്യം ഉള്ളത് പോലെ. പുറത്തെ ഭീകരമായ കരച്ചിൽ ഉള്ളിലെ ഭയത്തെ ആളികത്തിച്ചു, പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല, നേരം പുലരുന്നത് വരെ മണിക്കൂറുകൾ എങ്ങിനെ എണ്ണി തീർത്തു എന്നത് പറഞ്ഞറിയിക്കാൻ കഴിയില്ല.

നേരം പുലർന്നപ്പോൾ വീടിന് പുറത്ത് വന്ന് നോക്കി, അവിടെ ആരെയും കാണുന്നില്ല, ഇന്നലെ അദ്ദേഹത്തിന് കാശൊന്നും നൽകിയിട്ടില്ല, പക്ഷെ അദ്ദേഹത്തെ അവിടെയെങ്ങും കാണുന്നില്ല. ഏഴര ആയപ്പോൾ വർക്ക്‌ ഷോപ്പ് തുറന്നു, റോഡിനോട് ചേർന്നുള്ള വർക്ക്‌ ഷോപ്പ് ഇവിടെ നിന്നും കാണാം, ഉടനെ ബാഗ് എടുത്ത് അങ്ങോട്ട് നടന്നു.

അവിടെ ചെന്നപ്പോൾ വർക്ക്‌ ഷോപ്പ് കാരൻ ചോദിച്ചു, സാറിന്റെ ആണോ ഈ വണ്ടി, അതെ ഞാൻ ഇന്നലെ വന്നതാണ്, എന്നിട്ട് സാറ് എവിടെ പോയി അയാളുടെ അടുത്ത ചോദ്യം, ആ വീട്ടിലെ കാർന്നോര് അവിടെ താമസിച്ചോളാൻ പറഞ്ഞു ഞാൻ അവിടെ ആയിരുന്നു. മറുപടി കേട്ട വർക്ക്‌ ഷോപ്പ് കാരൻ അത്ഭുത്തോടെ നോക്കികൊണ്ട് ചോദിച്ചു ആ വീട്ടിലോ, അതെ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ആ വീട്ടിൽ പ്രായമായ ഒരാൾ ഉണ്ടായിരുന്നു, പക്ഷെ അദ്ദേഹം മരിച്ചിട്ട് ഏഴ് വർഷം കഴിഞ്ഞു, അന്ന് മുതൽ ആ വീട് അടഞ്ഞു കിടക്കുകയാണ്, നിങ്ങൾക്ക് തോന്നിയതായിരിക്കും.

വണ്ടിയുടെ പ്രശ്നം പറഞ്ഞപ്പോൾ അദ്ദേഹം ഓടിച്ചു നോക്കിയിട്ട് പറഞ്ഞു, ഇതിന് കുഴപ്പം ഒന്നും ഇല്ല ധൈര്യമായി പോകാം.

പിന്നീട് പലപ്പോഴും ആ വഴിക്ക് പോകുമ്പോൾ ആ പഴയ വീട് പേടിപ്പെടുത്തുന്ന ഒരു ഓർമ്മയായി അവിടെ നിലനിന്നിരുന്നു....

ദീപേഷ് ചാലിശ്ശേരി.

Below Post Ad