പെരുമ്പിലാവ്: കടവല്ലൂരിൽ കണ്ടെയ്നർ ലോറി തട്ടിയതിനെ തുടർന്ന് മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണന്ത്യം.
എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണു (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരുക്കേറ്റു
വ്യാഴാഴ്ച രാത്രി 7.25 നാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മുൻപിൽ പോകുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീണാണ് യാത്രക്കാരിയായ 27 വയസ്സുകാരിക്ക് ദാരുണന്ത്യം സംഭവിച്ചത്.
ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനത്തിനു മുകളിലെ മരക്കൊമ്പ് മുറിച്ചുമാറ്റി.

