കൂറ്റനാട്:വ്യവസായിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വണ്ടൂരിൽ നിന്ന് കൊച്ചിയിലേക്ക് ആഡംബര കാറിൽ യാത്ര ചെയ്തിരുന്ന പ്രമുഖ വ്യവസായി മലപ്പുറം സ്വദേശി വി.പി. മുഹമ്മദാലിയെയാണ് മുഖം മൂടി ധരിച്ച നാലംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.
കൂറ്റനാട് - ചെറുതുരുത്തി റോഡിൽ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം.
കൊച്ചിയിലേക്ക് പോവുകയായിരുന്ന വ്യവസായിയുടെ ആഡംബര വാഹനത്തെ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞു നിർത്തുകയായിരുന്നു.
കാറിൻ്റെ ചില്ല് തകർത്ത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വ്യവസായിയെ ഇന്നോവ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു. വി.പി.എം ഇൻ്റർനാഷണൽ ഗ്രൂപ്പ് മേധാവിയായ മുഹമ്മദാലി ഹോസ്പിറ്റൽ, ഹോട്ടൽ, സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി സംരംഭങ്ങൾ നടത്തുന്നുണ്ട്.
വ്യവസായിയുടെ ഡ്രൈവറുടെ മൊഴി പ്രകാരം ചാലിശ്ശേരി പോലീസ് കേസെടുത്തു. തൃശൂർ റെയ്ഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ പാലക്കാട് പോലീസ് സൂപ്രണ്ടും ഷൊർണൂർ ഡി.വൈ.എസ്.പിയും അന്വേഷണം ആരംഭിച്ചു.
