തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.inലെ വോട്ടര്‍സെര്‍ച്ച് (Voter search) ഓപ്ഷന്‍ ഉപയോഗിക്കാം. തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ രണ്ട് തലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേര് തിരയാന്‍ സൗകര്യമുണ്ട്. വോട്ടര്‍പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്. എപിക്(Epic) കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ അപേക്ഷിക്കുമ്പോള്‍ ഇവയിലേതാണോ നല്‍കിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാല്‍ മാത്രമേ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ.കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ
SEC നമ്പരോ ഉപയോഗിച്ചും പരിശോധന നടത്താം. വെബ്‌സൈറ്റില്‍ 'വോട്ടര്‍ സര്‍വീസസ്' ക്ലിക്കുചെയ്യുമ്പോള്‍ ലഭിക്കുന്ന സെര്‍ച്ച് വോട്ടര്‍ ലോക്കല്‍ബോഡി വൈസ് (Search Voter Local body wise) ഓപ്ഷന്‍ വഴി ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നല്‍കി പരിശോധന നടത്താം. അതുപോലെ, സെര്‍ച്ച് വോട്ടര്‍ വാര്‍ഡ് വൈസ് (Search Voter Ward wise) ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് വാര്‍ഡ് തലത്തിലും വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ മാത്രമേ പരിശോധനയില്‍ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ.
