പട്ടാമ്പി-പുലാമന്തോൾ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കൊപ്പം വിയറ്റ്നാംപടി പുളിമ്പാതൊടി പുഷ്പരാജൻ (50) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കൊപ്പം പുതിയ റോഡിന് സമീപമായിരുന്നു അപകടം.
പട്ടാമ്പി ഭാഗത്തുനിന്നും കൊപ്പത്തേക്ക് വരികയായിരുന്ന ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറി സ്‌കൂട്ടറിൽ തട്ടിയതോടെ യാത്രക്കാരായ പുഷ്പരാജൻ ലോറിക്കടിയിലേക്കും ഒപ്പമുണ്ടായിരുന്ന മണ്ണേങ്ങോട് സ്വദേശി വിനോദ് (40) റോഡരികിലെ പാടത്തേക്കും തെറിച്ചുവീണു.
ലോറിക്കടിയിൽപ്പെട്ട പുഷ്പരാജന്റെ കാലിലൂടെ ടയറുകൾ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാരും കൊപ്പം പോലീസും ചേർന്ന് ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പുഷ്പരാജൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ വിനോദ് ചികിത്സയിൽ തുടരുകയാണ്.
