കിടപ്പു രോഗിയായ അതിഥി തൊഴിലാളിക്ക് കൂട്ടായി ആലൂർ ഒരുമ

 



കഴിഞ്ഞ മാർച്ച് മാസത്തിൽ വാസ സ്ഥലത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണാണ് 26 വയസ്സ് കാരനായ ബനമാലി മോദിക്ക് അരക്ക് താഴേക്ക് സ്വാധീനം നഷ്ടപ്പെട്ടത്. കിടപ്പു പുണ്ണ് (bedsore) ബാധിച്ചു മോശമായ നിലയിലായ സാഹചര്യത്തിലാണ് ഒരുമ പാലിയേറ്റിവ് രോഗിയുടെ പരിചരണം ഏറ്റെടുത്തത്. ആഴത്തിലുള്ള മുറികൾ നിത്യേന വൃത്തിയാക്കി കെട്ടുക എന്ന താരമ്യേന ബുദ്ധിമുട്ടേറിയ ദൗത്യമാണ് ഒരുമ നഴ്സുമാർ ഏറ്റെടുത്തത്. തുടർന്ന് പട്ടാമ്പി സർക്കാർ ആശുപത്രിയിലെ ഏതാണ്ട് ഒരു മാസത്തെ ചികിത്സയുടെ ഫലമായി മുറിവുകൾ ഏറെക്കുറെ സുഖപ്പെടുത്തുവാനായി.  


ഇനിയും ഇവിടെ തൊഴിലെടുത്ത് ജീവിക്കുക അദ്ദേഹത്തിന് പ്രയാസകരമായ സാഹചര്യത്തിൽ അദ്ദേഹത്തെ സ്വദേശത്ത് എത്തിക്കുക എന്ന കർത്തവ്യവും ആലൂർ ഒരുമ പാലിയേറ്റിവ് ഏറ്റെടുത്തു. കിടപ്പു രോഗിയായതിനാൽ സുരക്ഷിതയായി നാട്ടിലെത്തിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും പരിശോധിച്ച് ട്രെയിൻ ആംബുലൻസ് സംവിധാനത്തിൽ നാട്ടിലെത്തിക്കുവാൻ തീരുമാനിച്ചു. CPIP പട്ടാമ്പി താലൂക്ക്‌ സമിതിയുടെ പിന്തുണ കൂടി ആയപ്പോൾ വളരെ പെട്ടെന്ന് യാത്ര സാധ്യമാക്കാൻ സാധിച്ചു. ഏറെ ചെലവേറിയ ഈ യാത്രയുടെ മുഴുവൻ ചെലവും നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ശേഖരിച്ചതാണ്. വീണവന് താങ്ങായി ഒരു നാട് മുഴുവൻ കൂടെ നിന്നതുകൊണ്ടാണ് ആലൂർ ഒരുമക്ക് ഈ രോഗിയെ സ്വദേശത്തേക്ക് അയക്കുവാൻ സാധിച്ചത്. ഇന്നലെ അർദ്ധ രാത്രി ആരംഭിച്ച യാത്ര 21ന് രാത്രിയോടെയാണ് ഇദ്ദേഹം വീടണയുക.  


ഒരുമ പ്രസിഡണ്ട് പ്രേംകുമാർ, വൈസ് പ്രസിഡണ്ട് സജിത്ത് പണിക്കർ, സെക്രട്ടറി ഷമീർ തുടങ്ങിയ എല്ലാ പ്രവത്തക സമിതി അംഗങ്ങളും, CPIP താലൂക്ക് സെക്രട്ടറി സന്തോഷും യാത്രാ വേളയിൽ സന്നിഹിതരായിരുന്നു.    


ഇന്നലെ അർദ്ധരാത്രിയിൽ സ്വദേശമായ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ "വരും ഒരിക്കൽ കൂടി, എല്ലാവരെയും കാണാൻ നന്ദി പറയുവാൻ" എന്ന് മോദി പറഞ്ഞത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

Below Post Ad