പുതുവത്സരദിനത്തിൽ വെള്ളിയാങ്കല്ലിൽ സന്ദർശകത്തിരക്ക്


പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും പൈതൃകപാർക്ക് സന്ദർശനത്തിനുമായി വെള്ളിയാങ്കല്ലിലെത്തിയവരുടെ തിരക്കായിരുന്നു പുതുവത്സരദിനത്തിൽ. പുതുവത്സരത്തലേന്നും പുതുവത്സരദിനത്തിലുമായി മൂവായിരത്തോളം സന്ദർശകരാണ് പൈതൃകപാർക്ക് കാണാനെത്തിയത്.

നിളാനദിയുടെ മണൽപ്പരപ്പുകളിൽ കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കാനും ആളുകളെത്തി.ഭാരതപ്പുഴ വെള്ളിയാങ്കല്ല് തടയണയ്‌ക്ക് താഴെ നിറഞ്ഞൊഴുകാത്തത് സന്ദർശകർക്ക് കാഴ്ചകളൊരുക്കി.ഷട്ടറുകൾ താഴ്ത്തി ജലസംഭരണമാരംഭിച്ചതോടെ ജലസമൃദ്ധിയിലായ വെള്ളിയാങ്കല്ല് തടയണയും സന്ദർശകർക്ക് മനോഹരകാഴ്ച സമ്മാനിക്കുന്നുണ്ട്.

വെള്ളിയാങ്കല്ല് പാലത്തിന് മുകളിലും വൈകുന്നേരം ഏറെ സന്ദർശകർ സൂര്യാസ്തമയം ആസ്വദിക്കാനെത്തി. സന്ദർശകത്തിരക്കും പാതയരികുകളിലെ അനധികൃത കച്ചവടങ്ങളും റോഡരികിലെ വാഹനപ്പാർക്കിങ്ങുമെല്ലാം വൈകുന്നേരം പൈതൃകപാർക്ക് റോഡിൽ ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നുണ്ട്.

Below Post Ad