ഇ.എന്‍ സുരേഷ് ബാബുവിനെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ആകെ 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതില്‍ നാലുപേര്‍ വനിതകളാണ്. പാലക്കാട് ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ ഒഴിവാക്കിയ ബിനു മോളെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഏരിയാ കമ്മിറ്റിയില്‍ വെട്ടിയ കെ ശാന്തകുമാരിയെയും ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തി. എസ് അജയകുമാർ, ടി എം ശശി, കെ എസ് സലീഖ, കെ എന്‍ ഉണ്ണികൃഷ്ണൻ എന്നിവർ പുതുമുഖങ്ങളാണ്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് 14 പേരെ ഒഴിവാക്കി.
പാലക്കാട്ടെ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ കടുത്ത മുന്നറിയിപ്പാണ് പിണറായി വിജയന്‍ നല്‍കിയത്. താഴേത്തട്ടിയുള്ള സമ്മേളനങ്ങളില്‍ തുടങ്ങിയ വിഭാഗീയത ജില്ലാ സമ്മേളനത്തിന്‍റെ പൊതുചര്‍ച്ചയിലേക്കും വ്യാപിച്ചതോടെയാണ് പിണറായി വിജയന്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയത്. പാലക്കാട്ടെ പാര്‍ട്ടിയില്‍ ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നതും കാണുന്നു. സംസ്ഥാന തലത്തില്‍ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാനായി. വിഭാഗീയത ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്ക് പോകുമെന്നും സംഘടനാ റിപ്പോര്‍ട്ടിലുള്ള മറുപടിയില്‍ പിണറായി മുന്നറിയിപ്പ് നല്‍കി.
നേരത്തെ റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചകളിലും പ്രതിനിധികളുടെ ചേരിപ്പോര് പ്രകടമായിരുന്നു. പട്ടാമ്പി, പുതുശ്ശേരി ഏരിയകളിൽ നിന്നുള്ള പ്രതിനിധികള്‍ ഷൊർണൂർ മുൻ എംഎൽഎയും കെറ്റിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ രംഗത്തെത്തി. കെറ്റിഡിസി ചെയർമാനായതിന് പിന്നാലെ പത്രത്തില്‍ പരസ്യം നൽകിയതിനാണ് അംഗങ്ങൾ രംഗത്തുവന്നത്.