ഭാരതപ്പുഴ സംരക്ഷണത്തിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുമ്പിടി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന് നിവേദനം നൽകി. ഭാരതപ്പുഴയുടെ തീരങ്ങൾ സംരക്ഷിക്കാനും അത് വഴി നദിയുടെ പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിനുമുള്ള അടിയന്തിര നടപടികൾ പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് കൈ കൊള്ളണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
ഒട്ടേറെ ജൈവ വൈവിധ്യ പ്രാധാന്യമുള്ള പുഴയുടെ പ്രദേശങ്ങൾ നിലവിൽ ഗുരുതരമായ ഭീഷണികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. വേനൽക്കാലമാകുന്നതോടെ പുഴയിലെ പുൽക്കാടുകൾ തീയിട്ടു നശിപ്പിക്കുന്നതിനാൽ ഒട്ടേറെ പക്ഷിവർഗ്ഗങ്ങളുടെ അതി ജീവനത്തെ സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് , അറവു മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നത് നദീതീര പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന കാര്യമാണ്.
ഭാരതപ്പുഴയുടെ കാറ്റാടി കടവിൽ വെച്ച് നടന്ന പരിപാടിയിലാണ് നിവേദനം നൽകിയത്.പുഴയുടെ സംരക്ഷണത്തിനായി പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ യോഗം ഉടൻ തന്നെ വിളിച്ചു ചേർത്ത് പുഴ സംരക്ഷണത്തിനായി വിവിധ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് അറിയിച്ചു.വാർഡ് മെംബർ ഗിരിജ മോഹൻ ,കുമ്പിടി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ അംഗങ്ങളായ ഷബീർ തുറക്കൽ, അഭിലാഷ് കെ ഭാസ്കർ , സനൂജ് കുമ്പിടി, ബിജു, സിയാദ്, അതുൽ ഉമേഷ്, അമീർ മാഷ് , വിപിൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.