ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക വിശ്വാസികൾക്ക് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് മെത്രാൻകക്ഷി വിഭാഗം ഗെയ്റ്റ് പൂട്ടിയിട്ടു തടഞ്ഞതായി പരാതി.
ഞായറാഴ്ച്ച രാവിലെ സുറിയാനി ചാപ്പലിൽ കുർബ്ബാനക്കുശേഷമാണ് പതിവായി യാക്കോബായ വിശ്വാസികൾ അവരുടെ മാതാ- പിതാക്കൾ, സഹോദരങ്ങൾ എന്നിവരെ അടക്കം ചെയ്ത സെമിത്തേരിയിലെ കല്ലറകളിലേക്ക് പ്രാർത്ഥിക്കാനായി എത്തിയത്.പള്ളിയിൽ നിന്ന് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്ന നാലു ഗേറ്റുകൾ ഓർത്തഡോക്സ് വിഭാഗം താഴിട്ട് പൂട്ടി യാക്കോബായ വിശ്വാസികളുടെ പ്രവേശനം തടയുകയായിരുന്നുവെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.
സെമിത്തേരിയിലേക്ക് പ്രവേശിക്കുവാൻ കഴിയാതിരുന്നതിനാൽ ഗെയിറ്റിനു പുറത്ത് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന നടത്തി തങ്ങൾക്ക് മടങ്ങേണ്ടിവന്നു എന്നും അവർ പറയുന്നു.
2020 ആഗസ്റ്റിലാണ് യാക്കോബായ - മെത്രാൻ കക്ഷി വിഭാഗങ്ങൾ തമ്മിലെ പ്രശ്നം രൂക്ഷമായത് .കഴിഞ്ഞ ജൂണിൽ പ്രശ്നങ്ങൾ കലുഷിതമായ സാഹചര്യത്തിൽ ഒരു വിഭാഗത്തിലെ മരണാനന്തര ചടങ്ങുകൾ ജലപീരങ്കി , ഫയർഫോഴസ് തുടങ്ങി വൻ പോലീസ് സനാഹത്തോടെയാണ് ചെയ്തത്.മാസങ്ങൾക്കുമുമ്പും സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് ഇരുമ്പു നെറ്റ് കെട്ടി തടഞ്ഞിരുന്നു
.ഷൊർണൂർ ഡിവൈഎസ്പിയുടെ നിർദേശത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഇടവക വിശ്വാസികളെല്ലാം പ്രവേശിക്കുന്നതിന് തടസമുണ്ടാകരുതെന്ന നിർദ്ദേശത്തെത്തുടർന്ന് താഴിട്ട് പൂട്ടുന്നത് ഒഴിവാക്കിയിരുന്നു.സെമിത്തേരിയിൽ പൂർവ്വീകരുടെ കല്ലറകളിൽ വിശ്വാസികളെ പ്രവേശിപ്പിക്കാതെ ഗെയ്റ്റ് പൂട്ടിയിട്ട സംഭവത്തിൽ ഇടവക വികാരി ഫാ. ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരും മാനേജിംഗ് കമ്മറ്റിയംഗങ്ങളും , വിശ്വാസികളും പ്രതിഷേധിച്ചു.സംഭവത്തിൽ ചാലിശേരി പോലീസിൽ പരാതി നൽകി.