വള്ളുവനാട്ടിലെ പ്രസിദ്ധമായ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൂരം പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ദേവസ്വം പൂരം ഉള്‍പ്പെടെയുള്ള പൂരങ്ങള്‍ എഴുന്നള്ളിപ്പ് ആരംഭിച്ചു.ദേവസ്വം ആന ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലേറേ ആനകള്‍ പൂരം എഴുന്നള്ളിപ്പില്‍ അണിനിരന്നു.പാമ്പാടി സുന്ദരന്‍ ദേവസ്വം തിടമ്പേറ്റി. ആനപ്രേമികള്‍ക്കാവേശം നല്‍കി പുതുപ്പള്ളി കേശവന്‍ , ചിറക്കല്‍ കാളിദാസന്‍, ചെര്‍പ്പുളശ്ശേരി രാജശേഖരന്‍, പാമ്പാടി രാജന്‍, മംഗലാംകുന്ന് അയ്യപ്പന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ നന്ദന്‍, ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ പ്രധാന ആനകള്‍ പൂരം എഴുന്നള്ളിപ്പിന് മിഴിവേകി.
പോലീസ് നിര്‍ദ്ദേശത്തിന്റെ ഭാഗമായി ആനകളുടെ കൂട്ടിയെഴുന്നള്ളിപ്പ് ഇത്തവണ ഉണ്ടായില്ല. പകരം എല്ലാ ദേശ കമ്മിറ്റിക്കാരും പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ച് അവസാനിപ്പിച്ചു. തെയ്യം, തിറ, പരമ്പരാഗത വേലകള്‍ തുടങ്ങിയുണ്ടായി.
വിവിധ ദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ഉത്സവത്തലേന്നത്തെ വാണിഭത്തിനും ഉത്സവ ദിനത്തിലുമായി ക്ഷേത്ര മൈതാനത്തേക്ക് ഒഴുകിയെത്തിയത്.
തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളുടെ സംഗമവേദിയായ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലേക്ക് ഈ മൂന്ന് ജില്ലകളില്‍നിന്ന് കൂടി പൂരങ്ങള്‍ വരുന്നുണ്ടെന്ന പ്രത്യേകതകൂടിയുണ്ട്. പൂരമഹോത്സവം ഒരു കോടി രൂപക്ക് ഇന്‍ഷുര്‍ ചെയ്തിരുന്നു. ചാലിശ്ശേരി പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പേലീസ് ഏര്‍പ്പെടുത്തിയിരുന്നത്.
ഓരോ ടീമിനും അഞ്ച് മിനിറ്റ് സമയമാണ് ക്ഷേത്രാങ്കണത്തില്‍ പോലീസ് അനുവദിച്ചിരുന്നത്. ആനപ്പുരങ്ങള്‍ക്ക് ശേഷം മറ്റ് തനത് കാലാരൂപങ്ങള്‍ക്ക് പ്രവേശനം നല്‍കി. അമ്പല മൈതാനത്ത് ഫയര്‍ യൂണിറ്റ്, ആംബുലന്‍സ്, എലഫന്റ് സ്‌ക്വാഡ്, പോലീസ് എന്നിവക്കായി പ്രത്യേക എയ്ഡ് പോസ്റ്റുകളും ഒരുക്കിയിരുന്നു.