അഞ്ചുമൂല-പാലത്തറ ഗേറ്റ് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം ആരംഭിക്കും;സ്പീക്കർ എം.ബി.രാജേഷ്
മണ്ഡലത്തിലെ പ്രധാനപ്പെട്ട ഈ റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഇടപെടുകയും തുടർന്ന് ആദ്യഘട്ടമായി പ്രവൃത്തികൾക്ക് 25 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി. എന്നാൽ നീണ്ടു നിന്ന മഴ പ്രവൃത്തികൾക്ക് തടസ്സമായി .
ഇതിനിടയിലാണ് പരുതൂർ , തിരുവേഗപ്പുറ , മുതുതല, പഞ്ചായത്തുകൾക്കുള്ള സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കാൻ ജലജീവൻ മിഷൻ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനാരംഭിച്ചത്. മഴ നീണ്ടു പോയതിനാൽ പൈപ്പ് ലൈൻ ഇടലും നീണ്ടു .ജനുവരി ആദ്യവാരം ഇത് പൂർത്തിയാകുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയെങ്കിലും പണി പൂർത്തിയായത് ജനുവരി 28 നാണ്. 29 നു അറ്റകുറ്റപണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
റോഡ് ഏറെക്കുറെ പൂർണ്ണമായും തകർന്ന സാഹചര്യത്തിലാണ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് നേരിട്ട് തന്നെ സ്ഥലം സന്ദർശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ ആരംഭിക്കണമെന്ന കർശന നിർദ്ദേശം നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യുട്ടീവ് എഞ്ചിനിയർ ശ്രീ. അജിത് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് നേരിട്ട് സ്ഥലം സന്ദർശിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ അറ്റകുറ്റപണികൾ ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.ചീഫ് എഞ്ചിനീയർക്ക് പുറമെ നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശങ്കരൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രമോദ് വി, അസി. എഞ്ചിനീയർ സനൽ തോമസ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
76 ലക്ഷം രൂപയുടെ അറ്റകുറ്റപണിയാണ് ദ്രുതഗതിയിൽ ഇപ്പോൾ ആരംഭിക്കുന്നത് . 3.30 കോടി രൂപ ചെലവിൽ ഈ റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിലേക്കുയർത്തുന്ന പ്രവൃത്തിയുടെ സാങ്കേതിക നടപടികളും പുരോഗമിക്കുകയാണ്.ഇത് സമയ ബന്ധിതമായി പൂർത്തിയാക്കി ജനങ്ങളുടെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം കാണും .
സ്പീക്കർ എം.ബി.രാജേഷ്