സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. അതേസമയം, നഗര പ്രദേശങ്ങൾ, ആശുപത്രികൾ അടക്കമുള്ള അവശ്യ സേവന ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്കെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. നഗര കേന്ദ്രങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടു. കോഴിക്കോട് ഡീസൽ നിലയത്തെ കൂടി പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കും. പീക്ക് അവറിലെ പ്രതിസന്ധി പൂർണമായി പരിഹരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അതോടൊപ്പം, വൈദ്യുതി നിയന്ത്രണ സമയത്ത് എല്ലാ ഉപഭോക്താക്കളും വീടുകളിൽ കുറഞ്ഞത് മൂന്ന് പോയിന്‍റുകളെങ്കിലും കുറച്ച് വൈദ്യുതി ഉപയോഗിച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി വാർത്താകുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം കാരണം വൈദ്യുതി ഉൽപാദനത്തിൽ കുറവ് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6.30നും 11.30നും ഇടയിൽ 4,580 മെഗാവാട്ട്സ് വൈദ്യുതി ഉപഭോഗമായി കണക്കാക്കുന്നത്. എന്നാൽ, സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുന്ന ഝാർഖണ്ഡിലെ മെസറോൺ പവർ സ്റ്റേഷനിൽ 135 മെഗാവാട്ട്സ് ഉൽപാദന കുറവ് ഉണ്ടാവുമെന്ന് അധികൃതർ കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിന് 400 മുതൽ 500 മെഗാവാട്ട്സ് വൈദ്യുതി കുറച്ചായിരിക്കും താപനിലയത്തിൽ നിന്ന് ലഭിക്കുക.
നിലവിൽ നാലു സംസ്ഥാനങ്ങൾ ഒരു മണിക്കൂർ വരുന്ന ലോഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ 200 മെഗാവാട്ട്സ് വൈദ്യുതി ആന്ധ്രയിലെ നിലയത്തിൽ നിന്ന് കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കോഴിക്കോട് താപവൈദ്യുത നിലയം പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും അധികൃതർ ചെയ്തിട്ടുണ്ട്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.