മഹാകവി അക്കിത്തത്തിന്റെ കവിതകൾ ആസ്വദിക്കാൻ തത്പരരായ പുതിയ വായനക്കാർക്കായി റഫറൻസ് ഗ്രന്ഥം 'അക്കിത്തം അനുയാത്ര' പുറത്തിറക്കുന്നു. ഭാഷാ സമന്വയ വേദിയിലെ സാഹിത്യകാരന്മാരും യൂണിവേഴ്സിറ്റി കോളേജ് അധ്യാപകരും ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.
കവിയുടെ ജന്മദിനമായ ഞായറാഴ്ച കുമരനല്ലൂരിലെ അക്കിത്തത്തിന്റെ ദേവായനത്തിൽ കവിയുടെ കുടുംബത്തിന് സമർപ്പിക്കുമെന്ന് ഭാഷാ സമന്വയവേദി ഭാരവാഹികൾ അറിയിച്ചു.
ഒറ്റക്കവിതാപഠന ശാഖയിലുള്ള ഈ ഗ്രന്ഥത്തിൽ 25 വിഖ്യാത കവിതകളെ അവലംബമാക്കിയുള്ള പഠനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കവിതാപഠനങ്ങൾക്കുപുറമേ സംഭാഷണങ്ങളും പ്രഭാഷണങ്ങളും കവിയുടെ സാഹിത്യജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തത്. പി.പി. ശ്രീധരനുണ്ണി, പ്രഭാവർമ, ഡോ. ടി.എൻ. സതീശൻ, ഡോ. സി. ശ്രീകുമാരൻ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ഡോ. എം.കെ. പ്രീത, ഡോ. ഗോപി പുതുക്കോട്, ഡോ. റമീളാദേവി, കെ.ജി. രഘുനാഥ് തുടങ്ങി 25 പേരുടെ പഠനങ്ങൾ പുസ്തകത്തിലുണ്ട്.