വടക്കഞ്ചേരി• മോട്ടോര്‍ വാഹനവകുപ്പ് കട്ടപ്പുറത്താക്കിയ കണ്ടക്ടറും ക്ലീനറുമില്ലാതെ സര്‍വീസ് നടത്തിയ സ്വകാര്യബസ് ഇന്നുമുതല്‍ വീണ്ടും ഓടും. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്.
കേരളത്തിലാദ്യമായി പണം വാങ്ങാൻ കണ്ടക്ടറും ജീവനക്കാരും ഇല്ലാതെ സര്‍വീസ് നടത്തിയ കാടന്‍കാവില്‍ ബസിന്റെ കന്നിയാത്ര പി.പി.സുമോദ് എംഎല്‍എ യാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. രണ്ട് വാതിലുകൾക്ക് സമീപവും നടുക്കും വച്ചിരിക്കുന്ന നീളൻ ബോക്സിൽ യാത്രാക്കൂലി ഇട്ട് യാത്രക്കാർക്ക് സുഖമായി യാത്രതുടങ്ങി. മികച്ച കളക്‌ഷനും കിട്ടിയിരുന്നു.
എന്നാല്‍ ചിലരുടെ പരാതിയില്‍ കണ്ടക്ടറില്ലാതെ ബസോടുന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ് മൂന്നാം ദിവസം മുതല്‍ ബസ് ഓടിക്കേണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിടുകയായിരുന്നു.
ഇതോടെ ബസ് ഷെഡ്ഡില്‍ കയറി. എന്നാല്‍ ഉടമ തോമസ് കാടൻകാവില്‍ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ ട്രാൻസ്പോർട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെ പരാതി പരിശോധിച്ച് ബസ് വീണ്ടും ഓടിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പണം വാങ്ങാൻ കണ്ടക്ടർ ഇല്ലാത്ത ബസ് നിരത്തിലിറക്കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഓരോ സ്റ്റോപ്പിലെയും നിരക്ക് ബസിൽ എഴുതിവച്ചിട്ടുള്ളതിനാൽ ഈ തുക യാത്രക്കാര്‍ ബോക്സിൽ നിക്ഷേപിച്ചാല്‍ മാത്രം മതി. പുതിയ പരീക്ഷണം ബസ് ജീവനക്കാരുടെ ജോലി പോകുമെന്ന ആശങ്കയും ഉണ്ടായി.
എന്നാല്‍ വീണ്ടും വാഹനം ഓടിക്കാന്‍ അനുമതി കിട്ടിയതോടെ പരീക്ഷണം വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഉടമയും സുഹൃത്തുക്കളും.
വടക്കഞ്ചേരിയിൽ നിന്നു ആരംഭിച്ച് നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 33 സീറ്റുകളുള്ള ബസ് ദിവസേന 7 ട്രിപ്പുകൾ സർവീസ് നടത്തും.
പണമില്ലാത്തവർക്കും ബസില്‍ യാത്രചെയ്യാം. പിന്നീട് പണമുള്ളപ്പോള്‍ ഇട്ടാല്‍ മതി. ഇട്ടില്ലെങ്കിലും കുഴപ്പമില്ല. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കണ്‍സഷന്‍ നിരക്കിലും യാത്രചെയ്യാം. പണം കൂടുതൽ ഇട്ടാൽ തിരിച്ചെടുക്കാൻ ആകില്ലെങ്കിലും പിന്നീട് ഈ ബാലൻസിൽ യാത്രചെയ്യാം. പരീക്ഷണം വിജയിച്ചാൽ കൂടുതൽ ബസുകൾ ഈ മാതൃകയിൽ സർവീസ് നടത്തുമെന്ന് തോമസ് കാടന്‍കാവില്‍ പറഞ്ഞു.