കൂടല്ലൂരിൽ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കൽ അറ കണ്ടെത്തിയ പ്രദേശത്ത് പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.
തൃശ്ശൂരിൽനിന്നും പുരാവസ്തു വകുപ്പ് ക്യൂറേറ്ററും തൃശൂർ ശക്തൻ തമ്പുരാൻ പാലസ് മ്യൂസിയം ഇൻ ചാർജുമായ ആതിര ആർ. പിള്ള,മ്യൂസിയം ഗൈഡ് ഡിനിൽ എന്നിവരുൾപ്പെട്ട പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലത്ത് പരിശോന നടത്തുന്നത്.
കൂടല്ലൂർ-പട്ടിപ്പാറ റോഡിൽ പറക്കുളം കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാൽ കീറുന്നതിനിടെയാണ് ഇന്നലെ രണ്ട് അറകളും മൺപാത്രങ്ങളും കണ്ടെത്തിയത്.
സമീപവാസികളായ ചിലർ ഗുഹ പരിശോധിച്ചപ്പോൾ മൺപാത്രങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്, പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ കെ. രാജന്റെ നേതൃത്വത്തിൽ സ്ഥലംസന്ദർശിച്ച് പരിശോധന നടത്തി.
രണ്ടായിരത്തിലേറെ വർഷത്തെ പഴക്കം ഉണ്ടായേക്കാവുന്ന അറയിൽ ഇനിയും മൺപാത്രങ്ങളും ഇരുമ്പും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ് പരിശോധന തുടരുന്നത്.
കൂടുതൽ പരിശോധകൾക്ക് ശേഷമേ അറയുടെയും മൺപാത്രങ്ങളുടെയും കാലപ്പഴക്കം നിർണ്ണയിക്കാനാകൂ എന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.