കൊപ്പം: ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 11-മണിക്കാണ് തിരഞ്ഞെടുപ്പുയോഗം ചേരുക. സി.പി.എമ്മിൽനിന്ന് പി. ഉണ്ണിക്കൃഷ്ണനും യു.ഡി.എഫിൽനിന്ന് മുസ്‌ലിംലീഗിലെ എം.സി. അബ്ദുൾ അസീസും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.
നിലവിലെ പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ പി. ഉണ്ണിക്കൃഷ്ണനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി. അംഗമായിരുന്ന എ.പി. അഭിലാഷിന്റെ പിന്തുണയോടെ പാസായതോടെയാണ് പഞ്ചായത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടമായത്. 17 വാർഡുള്ള പഞ്ചായത്തിൽ സി.പി.എമ്മിനും യു.ഡി.എഫിനും എട്ട് അംഗങ്ങൾ വീതവും ബി.ജെ.പി.ക്ക് ഒരംഗവുമായിരുന്നു ഉണ്ടായിരുന്നത്.
യു.ഡി.എഫിന്റെ അവിശ്വാസത്തെ പിന്തുണച്ച ബി.ജെ.പി. അംഗം എ.പി. അഭിലാഷിനെ പാർട്ടിയിൽനിന്ന് അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എ.പി. അഭിലാഷിന്റെ നിലപാട് നിർണായകമാവും. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുമുന്നണിയെയും പിന്തുണക്കില്ലെന്നാണ് എ.പി. അഭിലാഷിന്റെ നിലപാട്. അങ്ങനെവന്നാൽ വീണ്ടും പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഭാഗ്യപരീക്ഷണമാവും.