മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം; കുറ്റിപ്പുറത്ത് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

കുറ്റിപ്പുറം : മുഖ്യമന്ത്രിക്കെതിരെ മലപ്പുറത്ത് വൻ പ്രതിഷേധം. കോണ്‍ഗ്രസ് , മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.  കുറ്റിപ്പുറം മിനി പമ്പയിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കുറ്റിപ്പുറത്ത് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

അതേ സമയം ഇന്ന് രാവിലെ തവനൂരെത്തിയ മുഖ്യമന്ത്രി തവനൂർ സെൻഡ്രൽ ജയിൽ ഉദ്ഘാടനം കഴിഞ്ഞ് പുത്തനത്താണിയിലേക്ക് തിരിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഇന്നലെ രാത്രി തങ്ങിയ തൃശൂർ രാമ നിലയത്തിൽ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രാമനിലയത്തിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

മലപ്പുറത്തുള്ള പൊതു പരിപാടികൾക്കായി ഇന്ന് 9 മണിക്കാണ് മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് പുറപ്പെട്ടത്. വഴിയിൽ ഉണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്ത് എല്ലായിടങ്ങളിലും പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തവനൂരിലും പുത്തനത്താണിയിലും 500 ലധികം പൊലീസുകാരെ വിന്യസിച്ചു. കുറ്റിപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്‍റേയും യൂത്ത് ലീഗിന്‍റേയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധമരങ്ങേറി. കുറ്റിപ്പുറം പൊന്നാനി റോഡ് പൊലീസ് പൂര്‍ണമായും അടച്ചു. മലപ്പുറത്തും കോഴിക്കോടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പൊതു പരിപാടികള്‍ ഉള്ളത്.

തൃശൂര്‍ നിന്നും മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്ദംകുളത്ത് വച്ച് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നാല് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Below Post Ad