കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിൽ മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് നിന്നും ഒന്നും കിട്ടാതായപ്പോൾ നിരാശനായി ''പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടത്'' എന്ന് പൊട്ടിച്ച ഗ്ലാസിൽ കുറിപ്പെഴുതി വൈറലായ കള്ളൻ മാനന്തവാടിയില്‍ പിടിയില്‍.
കുപ്രസിദ്ധ മോഷ്ടാവ് വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജ് (40)നെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി വിശ്വരാജിനെതിരെ 50 ഓളം കേസുണ്ട്.
കഴിഞ്ഞ മാസം ജയിലിൽ നിന്നും ഇറങ്ങിയ പിറ്റേന്ന് കൈനാട്ടിയിലും വൈത്തിരിയിലും 15 ഓളം കടകൾ കുത്തി തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു.
തുടർന്ന് വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് വിശ്വരാജിനെ പോലീസ് വലയിലാക്കിയത്.
വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന വിധേയമാക്കി വിശ്വരാജ് ആണെന്ന് ഉറപ്പ് വരുത്തി.
ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം.അബ്ദുൾ കരീമും സംഘവും വിശ്വരാജിനെ കസ്റ്റഡിയിൽ എടുത്തത്.
മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കൽപ്പറ്റ പോലീസിന് വിശ്വരാജിനെ കൈമാറുകയും ചെയ്തു. പോലീസ് സംഘത്തിൽ എ.എസ്.ഐ. മോഹൻദാസ്, സി.പി.ഒ.മാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരുമുണ്ടായിരുന്നു.