കൈകാലുകൾക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങൾ നോക്കി അവർക്ക് ഭക്ഷണവും നൽകിയാണ് പുലാച്ചിത്ര കുന്നങ്ങൽതൊടി കിഷോർ ചൊവ്വാഴ്ചയും വീട്ടിൽനിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലെ ജോലിക്കായി വീട്ടിൽനിന്നിറങ്ങുംവരെ കാര്യങ്ങൾ പതിവുപോലെയായിരുന്നു. എന്നാൽ, ഓങ്ങല്ലൂരെത്തിയപ്പോൾ കിഷോറിന്റെ സ്കൂട്ടറിൽ ഇടിച്ച സ്വകാര്യബസ് ആ പതിവുകളെല്ലാം തെറ്റിച്ചു. അമ്മയ്ക്കും സഹോദരനും താങ്ങാവേണ്ട കിഷോറിനെ മരണത്തിലേക്ക് ഇടിച്ചിട്ടു.
ആ അപകടത്തിൽ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവിതം മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവിതവും വീടെന്ന സ്വപ്നവുമാണ്. അമ്മയും സഹോദരനുമായി കിഷോർ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയിൽ പുതിയ വീടിന്റെ പണി നടക്കുന്നുണ്ട്. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.
കിഷോർ ചെറുതായിരിക്കുമ്പോഴേ അച്ഛൻ കൃഷ്ണൻകുട്ടി മരിച്ചു. അമ്മ ഗിരിജ (48) പത്തുവർഷത്തിലേറെയായി കൈകാലുകൾ തളർന്നു കിടപ്പിലാണ്. ഈ സങ്കടത്തിൽ കഴിയുമ്പോഴാണ് മൂത്തസഹോദരൻ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോറിന്റെ ചുമലിലായി. ആ അമ്മയും സഹോദരനും എഴുന്നേറ്റുകാണാനും കഷ്ടപ്പെട്ട് നിർമിച്ച വീട്ടിൽ ഒരു ദിവസമൊന്നുറങ്ങാനുമുള്ള സ്വപ്നം ബാക്കിയാക്കിയാണ് കിഷോറിന്റെ മടക്കം.