എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ മോഹൻലാൽ- പ്രിയദർശൻ സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്ന് റിപ്പോർട്ട്. 'ഓളവും തീരവും' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപിഴയിൽ ആരംഭിക്കും എന്നാണ് കാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.
സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സാബു സിറിൽ ആണ് കല സംവിധാനം നിർവഹിക്കുന്നത്.1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് 'ഓളവും തീരവും'. മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.1970ൽ പിഎൻ മേനോന്റെ സംവിധാനത്തിൽ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
എംടിയുടെ മകൾ അശ്വതി വി നായർ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകർ. 'വിൽപ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥയും എംടി തന്നെ. ചിത്രത്തിൽ നായകനായി ആസിഫ് അലിയും മധുബാലയുമാണ് എത്തുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി 'ഷെർലക്ക്' എന്ന കഥയാണ് മഹേഷ് നാരായണൻ ഒരുക്കുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥ ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധാനം ചെയ്യുന്നു.
സന്തോഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങുന്ന 'അഭയം തേടി' എന്ന കഥയിൽ സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാർവ്വതി, നരേൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥ ശ്യാമപ്രസാദും ജയരാജിൻറെ 'സ്വർഗ്ഗം തുറക്കുന്ന സമയ'ത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി ലക്ഷ്‍മി എന്നിവർക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു.
രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ 'കടൽക്കാറ്റി'ൽ ഇന്ദ്രജിത്തിനൊപ്പം അപർണ്ണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.