'പപ്പടത്തല്ലി'ൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം | KNews


വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തൽ. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നാശനഷ്ടമുണ്ടായത്.

 കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകർത്തിരുന്നു. അതേസമയം, കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ വിവാഹപാർട്ടിയുമായി പരാതി ഒത്തുതീർപ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവർ  പറഞ്ഞു.

മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹ സദ്യക്കിടയിൽ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാർ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. 

പപ്പടം കിട്ടാത്തതിനെ തുടർന്നുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതോടെ സംഘർഷം ഓഡിറ്റോറിയത്തിന് പുറത്തേക്കുംനീണ്ടിരുന്നു.സംഘർഷത്തിൽ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. 

എന്നാൽ ഇരുപതോളം പേർക്ക് അടിപിടിയിൽ പരിക്കേറ്റിട്ടുണ്ടെന്നും പലരും പുറത്തു പറയാത്തതാണെന്നുമാണ് ഇവിടെയുണ്ടായിരുന്നവർ പറയുന്നത്.

Tags

Below Post Ad