പട്ടാമ്പിയെ സമ്പൂർണ്ണ സുരക്ഷിത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്തിൽ എട്ട് നിരീക്ഷണ ക്യാമറകൾ ബസ്റ്റാൻറിൽ സ്ഥാപിച്ചു. നഗരസഭ ചെയർ പേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.പി ഷാജി അധ്യക്ഷനായി.
നഗരസഭയിൽ സജ്ജീകരിച്ചിട്ടുള്ള ഡി.വി.ആറിൽ ബാക്ക് അപ്പ് സംവിധാനത്തോടെ 24 മണിക്കൂറും ബസ്റ്റാൻറിലെ ദൃശ്യങ്ങൾ ഇനി മുതൽ ലഭ്യമാവും. നഗരം കേന്ദ്രീകരിച്ചുള്ള ലഹരിയുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും, ബസ്റ്റാൻറ് കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് നഗരസഭ, സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചതെന്ന് ചെയർപേഴ്സൺ ഒ.ലക്ഷ്‌മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി ഷാജി എന്നിവർ പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി നേരത്തെ പട്ടാമ്പി നഗരം മുഴുവൻ നിരീക്ഷണ വലയത്തിൽ ലഭിക്കുന്ന തരത്തിൽ 16 ക്യാമറകൾ വിവിധ ഭാഗങ്ങളിലായി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്.
ഇത് കൂടാതെ പട്ടാമ്പി നഗരസഭ മത്സ്യ മാർക്കറ്റിന് സമീപമുള്ള മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് മാർക്കറ്റ് ഉൾപ്പെടെ സമീപ പ്രദേശങ്ങൾ കൂടി ഉടൻ തന്നെ സി.സി.ടി.വി വലയത്തിലാവും.
ഇവിടെയും 8 ക്യാമറകൾ നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നുണ്ട്.
നഗരസഭ മരാമത്ത്കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.വിജയകുമാർ, നഗരസഭ സെക്രട്ടറി നാസിം, സൂപ്രണ്ട് കെ.എം ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഇക്ബാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.