തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റിന് തുടക്കമായി | KNews


 തൃത്താല: ഓണം ഭിന്നശേഷിക്കാര്‍ക്കൊപ്പം എന്ന ആശയത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ ഓണം ഫെസ്റ്റിന് തുടക്കമായി. ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. 

ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. ചാലിശേരി സി.എച്ച്.സിയിലെ സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിലെ ഭിന്നശേഷിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബ്ലോക്ക് പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഒന്നിച്ചാണ് ഓണാഘോഷം നടത്തിയത്. 

ആഘോഷത്തിന്റെ ഭാഗമായി ഓണപ്പുടവ നല്‍കുകയും കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെയും സ്വയംതൊഴില്‍ സംരംഭങ്ങളുടെയും ഉത്പന്നങ്ങള്‍ക്ക് വിപണി എന്ന ലക്ഷ്യത്തോടെ  സെപ്റ്റംബര്‍ 4 മുതല്‍ ഓണം ഫെസ്റ്റ് വിപണനമേളയും സംഘടിപ്പിക്കുന്നുണ്ട്. 

കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, ബി.ഡി.ഒ. എസ്. വിനു, ബ്ലോക്ക് അംഗങ്ങളായ പ്രിയ, പി.വി. ഷെറീന, വി.കെ. റവാഫ്, എം. മുഹമ്മദ്, പി. സ്നേഹ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ഹുസൈന്‍ പങ്കെടുത്തു.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്


Tags

Below Post Ad