കോഴിക്കോട്ട് വീണ്ടും കഞ്ചാവ് വേട്ട; ആറരക്കിലോ കഞ്ചാവുമായി തിരുനാവായ സ്വദേശി പിടിയിൽ


 

ഫറോക്ക്: കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവ് പിടികൂടി. തിരുന്നാവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ സി.പി. ഷിഹാബ്(33)നെ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ( ഡൻസാഫ് ) എസ്.ഐ. അരുൺ വി.ആറിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരിക്കെതിരേ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച്ച് പരിശോധനകൾ കർശനമായി നടത്തി വരുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്.

ഫറോക്ക് സ്കൂൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ വ്യാപക മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗം കോഴിക്കോട്ട് എത്തിക്കുകയും ആവശ്യക്കാർക്ക് മൊത്തമായി മറിച്ചു വിൽക്കുകയും ചെയ്യുന്ന ഷിഹാബിനെ കുറിച്ച് വിവരം ലഭിച്ചത്.

പോലീസിനെ കബളിപ്പിക്കാൻ, ഒരു സ്റ്റേഷനിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പിൽ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പിൽ നിർത്തുമ്പോൾ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തുകയും ശേഷം നാട്ടിലേക്ക് ബസ് മാർഗം പോവുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.


Below Post Ad