ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട്ടമ്മ മരണപ്പെട്ടു


 തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു മൂന്ന് പേർക്ക് പരിക്കേറ്റവരിൽ വീട്ടമ്മ മരണപ്പെട്ടു. 

ആമയിൽ അബ്ദുൽ റസാക്കിൻ്റെ ഭാര്യ ഷെറീന (37) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ്തൃ ശൂർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ  ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം.


ബുധനാഴ്ച്ച രാവിലെ എട്ട് മണിക്കാണ് അപകടം ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടിൽ നിന്നും പുക ഉയരുന്നതാണ് കണ്ടത്. വീടിനുള്ളിലെ കനത്ത പുകമൂലം രക്ഷാപ്രവർത്തനം വൈകി. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാനും അരമണിക്കൂർ താമസിച്ചു. റൂമിനകത്തെ വാതിലും ജനലുകളും വസ്ത്രങ്ങളും കത്തിനശിച്ചിരുന്നു. തൃത്താല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. 

പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ മകനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുൽ റസാഖ്. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. ചങ്ങരംകുളം ആലങ്കോട് സ്വദേശിയാണ്. രണ്ട് മക്കളാണ് ഉള്ളത്. അബ്ദുൽ റസാക്കിൻ്റെ പ്രായമുള്ള ഉമ്മയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വീടിന്റെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന നാല്  സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടർ ലീക്ക് ഉണ്ടായതുമൂലമുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനക്കായി വിദഗ്ദർ ഇന്ന് സ്ഥലത്തെത്തും.

‘അവധിദിവസമായതിനാൽ പത്രം വായിച്ച് കിടക്കുകയായിരുന്നു. പെട്ടെന്നാണ് വലിയൊരുശബ്ദവും കൂട്ടക്കരച്ചിലും കേട്ടത്. വീട്ടുകാരോടൊപ്പം പുറത്തിറങ്ങിയപ്പോൾ അബ്ദുൾ റസാഖിന്റെ വീട്ടിൽനിന്നാണ് കരച്ചിലെന്ന് മനസ്സിലായി. തീയും പുകയും ഉയരുന്നതാണ് പിന്നീടുകണ്ടത്.’

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെക്കുറിച്ച് പറയുമ്പോൾ, അധ്യാപകനും വീട്ടുടമയുമായ റിയാസിന്റെ വാക്കുകളിൽ ഞെട്ടൽ. റിയാസിന്റെ വീട്ടിലാണ് അബ്ദുൾറസാഖും കുടുംബവും കഴിഞ്ഞ നാലുവർഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്.

വീടിനകത്ത് ഗുരുതര പൊള്ളലേറ്റ മൂന്നുപേരെയാണ് കാണാൻ കഴിഞ്ഞത്. വീടിന്റെ ഭിത്തികളിലുംമറ്റും വിള്ളലുകളുണ്ടായിരുന്നു. സാധനങ്ങളെല്ലാം അഗ്നിക്കിരയായി. .

വീടിനകത്ത് നാലിലധികം ഗ്യാസ് സിലിൻഡറുകൾ ഉണ്ടായിരുന്നു. ഇവയിലേക്ക് തീപടരാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്നും ഉടമ പറയുന്നു. ഗ്യാസ് ഏജൻസി ജീവനക്കാരന്റെ വീട്ടിലുണ്ടായ അപകടം പ്രദേശവാസികളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാസേനാ അധികൃതരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Below Post Ad