ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് ഒന്നാം റാങ്കുകാരി നന്ദിതക്ക് നാടിൻ്റെ അഭിനന്ദനം


 

ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിലെ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ തവനൂർ മൂവ്വാങ്കരയിൽ താമസിക്കുന്ന നന്ദിതയെ കെ.ടി.ജലീൽ എം എൽ എ തിരുവോണ നാളിൽ അവരുടെ വീട്ടിലെത്തി അഭിനന്ദിച്ചു:

തിരുനാവായ ഭവൻസ് സ്കൂളിൽ പഠിച്ച് 99% മാർക്ക് വാങ്ങി പത്താം ക്ലാസ് പാസ്സായ നന്ദിത പ്ലസ് ടുവിന് ചേർന്നത് തിരുനാവായ നാവാമുകുന്ദ എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിലാണ്. 99% മാർക്ക് വാങ്ങി പ്ലസ് ടുവും വിജയിച്ച നന്തിത പാലാ ബ്രില്യൻസിൽ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് മെഡിക്കൽ എൻട്രൻസിന് പരിശീലനം നേടിയത്. പാലാ ബ്രില്യൻസ് ഒരിക്കൽ പോലും നന്ദിത കണ്ടിട്ടില്ല. അനുമോദന യോഗത്തിന് പോകുമ്പോൾ കാണാമെന്ന പ്രതീക്ഷയിലാണ് കേരളത്തിൻ്റെ ഒന്നാം റാങ്കുകാരി.

അച്ഛനും അമ്മയും നൽകിയ നിസ്സീമമായ പിന്തുണയും ഓൺലൈൻ ക്ലാസിൻ്റെ മിടുക്കുമാണ്  കേരളത്തിൻ്റെ ഒന്നാം റാങ്കുകാരിയാക്കി തന്നെ മാറ്റിയതെന്ന് നന്ദിത നന്ദിയോടെ ഓർത്തു. ഡൽഹി എയിംസിൽ ചേരാനാണ് നന്ദിതക്ക് താൽപര്യം. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറാവലാണ് റാങ്ക് ജേതാവിൻ്റെ ലക്ഷ്യം.

ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് ജൂനിയർ വാറണ്ട് ഓഫീസറായി റിട്ടയർ ചെയ്ത പിതാവ് പത്മനാഭൻ തിരൂരങ്ങാടി എം.കെ ഹാജി ഹോസ്പിറ്റലിൽ PRO ആയി മൂന്ന് വർഷം ജോലി ചെയ്തു. പിന്നീട് ദുബായിയിലെ പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയായ "അലക്കി"ൽ സേഫ്റ്റി അഡ്വൈസറായി 20 വർഷം സേവനമനുഷ്ഠിച്ചു. മകളുടെ മിന്നുന്ന വിജയം അദ്ദേഹത്തെയും ഭാര്യ കോമളവല്ലിയെയും അഭിമാനത്തിൻ്റെ കൊടുമുടിയിലാണ് എത്തിച്ചിരിക്കുന്നത്.

നന്ദിതയുടെ സഹോദരൻ ദീപക്, ഏറോസ്പേസ് എഞ്ചിനീയറാണ്. ദുബായ് എയർപോർട്ടിൽ ഗ്ലോബൽ ജെറ്റിലാണ് ദീപക് ജോലി ചെയ്യുന്നത്.

തിരുവോണത്തലേന്ന് തവനൂരിലെ പടന്നപ്പാട്ട് വീട്ടിലെത്തിയ വിജയ വാർത്ത ഇരട്ടിമധുരമാണ് നന്ദിതക്കും കുടുംബത്തിനും പ്രദേശ വാസികൾക്കും സമ്മാനിച്ചത്.


Below Post Ad