എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. മന്ത്രിയാക്കാൻ സിപിഎം തീരുമാനിച്ചതോടെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനം രാജിവച്ചത്.
എ.എൻ. ഷംസീർ എംഎൽഎയെ സ്പീക്കറാക്കാനും വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11നു നടക്കും.
മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണു സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവന്നത്.
വിവാദ പരാമർശത്തെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാനു പകരം പുതിയ മന്ത്രിയെ തത്കാലം വേണ്ടെന്ന തീരുമാനത്തിലാണു പാർട്ടി.
എം.ബി. രാജേഷിനു തദ്ദേശ-എക്സൈസ് വകുപ്പുകൾതന്നെ ലഭിച്ചേക്കും.