തൃത്താല ; പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 4 കോടി രൂപ ചിലവിൽ നവീകരിക്കുന്ന കക്കാട്ടിരിമല വട്ടത്താണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൾ വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്.
കഴിഞ്ഞ 8 മാസമായി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ട് .വട്ടത്താണി മുതൽ കൂമ്പ്ര പാലം വരെയുള്ള റോഡിൻ്റെ ഇരുവശവും കരിങ്കൽ ഭിത്തി കെട്ടി റോഡിന് കുറുകെ 11 ഓവ് പാലങ്ങൾ നിർമ്മിച്ച് റോഡിന് ഇരുവശവും കോൺക്രീറ്റ് ചാലുകൾ നിർമ്മിച്ച് റീ ടാറിംഗ് നടത്തുന്നതിന് വേണ്ടിയാണ് കരാർ നൽകിയിട്ടുള്ളത് .
ഇതിൽ അഞ്ച് ഓവ് പാലങ്ങളുടെ നിർമ്മാണവും കരിങ്കൽ കെട്ടിൻ്റെ 80 ശതമാനം മല മുതൽ വട്ടത്താണി വരെയുള്ള റോഡിൻ്റെ ചില ഭാഗങ്ങളിൽ മാത്രം കോൺക്രീറ്റ് ഓവുചാലുകൾ നിർമ്മിച്ചിട്ടുള്ളതൊഴിച്ചാൽ കാര്യമായ ഒരു പുരോഗതിയും നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടില്ല .
നിർമ്മാണം പൂർത്തീകരിക്കുന്നതിന് കരാറുകാരന് അനുവദിച്ച സമയം തീരാൻ ഇനി നാല് മാസം മാത്രമേ ബാക്കിയുള്ളൂ .കക്കാട്ടിരി പാറത്തോട് സെൻ്ററിൽ സ്ഥിതി ചെയ്യുന്ന വലിയ പാലം പൊളിച്ച് മാറ്റി പുനർനിർമ്മിക്കേണ്ടതും ഉണ്ട് .തികച്ചും അശാസത്രീയമായ രീതിയിയിൽ നാലോ അഞ്ചോ തൊഴിലാളികളെ വെച്ച് ആണ് പണി മുന്നോട്ട് നീങ്ങുന്നത് .
ഓവുചാലുകൾ നിർമ്മിക്കുന്നതിനും പാലങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയും കുഴിയെടുത്തിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുന്നതിനും മറ്റും വലിയ പ്രയാസമാണ് .രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഈ കുഴികളിൽ വീണ് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് .റോഡ് പൂർണമായും തകർന്ന് കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ ഓട്ടം പോകാൻ വിസമ്മതിക്കുകയാണ് .
മഴക്കാലമായതോടെ പ്രദേശവാസികളുടെ ദുരിതം വർദ്ധിക്കുകയാണ് ചെയ്തത്. പണി സൈറ്റിൽ ഉദ്ധ്യോഗസ്ഥർ ഉണ്ടാവാറില്ലെന്നും പരാതിയുണ്ട് .രണ്ട് മാസം മുമ്പ് ഇടി മുഹമ്മദ് ബഷീർ എം പി യും എം ബി രാജേഷ് എംഎൽഎയും റോഡ് നിർമ്മാണം നിരീക്ഷിക്കുന്നതിന് വേണ്ടി എത്തുകയും കരാറുകാരൻ്റെയും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും സാന്നിധ്യത്തിൽ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിനെ കുറിച്ചും പ്രവൃത്തികളിലെ പോരായ്മകളെ കുറിച്ചും ജനങ്ങളുടെ പരാതി കേൾക്കുകയും നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് എഞ്ചിനീയർക്കും കോൺട്രാക്ടർക്കും നിർദ്ധേശം നൽകുകയും ചെയ്തിരുന്നു .
അതിന് ശേഷം ഒരാഴ്ചയോളം ദ്രുതഗതിയിൽ പണി പുരോഗമിക്കുകയും പിന്നീട് പഴയ അവസ്ഥയിലേക്ക് മാറുകയും ചെയ്തു .റോഡിൻ്റെ ദുരവസ്ഥ മൂലം ബസ് ട്രിപ്പ് മുടക്കുന്നത് മൂലം വിദ്യാർത്ഥികളാണ് വലിയ ദുരിതത്തിലായത് .
എത്രയോ വർഷങ്ങളായി തകർന്ന് കിടക്കുന്ന മലവട്ടത്താണി റോഡ് ഉന്നത നിലവാരത്തിൽ എത്തിക്കണമെന്ന കാലങ്ങളായുള്ള നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തെ തുടർന്നാണ് റോഡിന് ഫണ്ട് അനുവദിച്ചത് .തുടങ്ങി വെച്ച പണി യാത്രക്കാർക്കും പ്രദേശവാസികൾക്കും പ്രയാസകരമല്ലാത്ത രീതിയിൽ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു
റിപ്പോർട്ട് : പാദുക നൗഷാദ്