അബൂദബി: ഓണാഘോഷത്തിനിടെ സലാം പറഞ്ഞയാളോട് 'വഅലൈകുമുസ്സലാം' എന്ന് നിറചിരിയോടെ സലാം മടക്കിയ മാവേലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഒടുവിൽ വൈറൽ മാവേലിയെ കണ്ടെത്തിയിരിക്കുന്നു.
അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ ചടങ്ങിലായിരുന്നു ഓലക്കുടയുമണിഞ്ഞ് കിരീടധാരിയായ 'അസുര രാജാവി'ന്റെ സലാം മടക്കൽ.ചങ്ങരംകുളം സ്വദേശിയായ നൗഷാദ് യൂസഫാണ് മാവേലി വേഷം ധരിച്ച കക്ഷി.
അബൂദബിയിൽ യൂറോപ്കാർ കമ്പനിയുടെ സെയിൽസ് മാനേജറാണ് ഇദ്ദേഹം. കോവിഡിന് മുമ്പ് 2018ൽ പ്രവാസിമലയാളികൾ ചേർന്ന് അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായത്.
അന്ന് മാവേലിയായി ചടങ്ങിലെത്തിയ നൗഷാദിനെ കണ്ട പരിചയക്കാരിൽ ആരോ ആണ് 'അസ്സലാമു അലൈക്കും' എന്ന് സലാം പറഞ്ഞത്. മാവേലി സന്തോഷത്തോടെ മറുപടി പറയുകയും ചെയ്തു. ഇത് സുഹൃത്ത് സുനിൽ മാടമ്പി മൊബൈലിൽ പകർത്തുകയായിരുന്നു എന്ന് നൗഷാദ് യൂസഫ് പറഞ്ഞു.