വാട്സാപ്പ് അഡ്മിൻമാർക്ക് ഇനി കൂടുതൽ അധികാരം. വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾ ഇനി അഡ്മിന്മാർക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും.
ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ഇത് എല്ലാ ഉപഭോക്താക്കൾക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ സൗകര്യം ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം.
നിങ്ങൾ അഡ്മിൻ ആയ ഏതെങ്കിലും ഗ്രൂപ്പിൽ മറ്റുള്ളവർ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കുക. അതിൽ Delete for everyone എന്ന ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ ഈ സൗകര്യം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം.
വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങൾ അയക്കുന്ന പ്രശ്നമുണ്ടാക്കാനിടയുള്ള ഉള്ളടക്കങ്ങൾ, പബ്ലിക് ഗ്രൂപ്പുകളിൽ അജ്ഞാതർ അയക്കുന്ന അശ്ലീല സന്ദേശങ്ങൾ, അംഗങ്ങൾ അബദ്ധത്തിൽ അയച്ചുപോവുന്ന സന്ദേശങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യാൻ അഡ്മിന്മാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സന്ദേശം നീക്കം ചെയ്യാൻ രണ്ട് ദിവസത്തെ സമയപരിധിയുണ്ട്.
Delete For Everyone Feature സാധാരണ വ്യക്തിഗത ചാറ്റുകളിൽ ഇതിനകം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഗ്രൂപ്പുകളിലെ അഡ്മിന്മാർ ഉപയോഗിക്കുമ്പോൽ സന്ദേശം എല്ലാ ഗ്രൂപ്പ് അംഗങ്ങളുടെ ചാറ്റ് വിൻഡോയിൽ നിന്നും അപ്രത്യക്ഷമാവും. പകരം ഈ സന്ദേശം നീക്കം ചെയ്തു എന്ന അറിയിപ്പാണ് കാണുക.