ലൈഫ് പദ്ധതിയിൽ സാമ്പത്തികത്തിരിമറി; നാഗലശ്ശേരി പഞ്ചായത്ത് വി.ഇ.ഒ.യ്ക്ക് സസ്പെൻഷൻ


 

കൂറ്റനാട് : നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ലൈഫ് ഭവനനിർമാണപദ്ധതിയിലും പി.എം.കെ.എസ്.വൈ. പദ്ധതിയിലും സാമ്പത്തികക്രമക്കേട്. ഇത് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ വി.ഇ.ഒ. (ഗ്രാമസേവകൻ) ടി.യു. അമൽരാജിനെ സസ്പെൻഡ് ചെയ്തതായും കൂടുതൽ അന്വേഷണത്തിനായി പോലീസ് വിജിലൻസിനോട് ആവശ്യപ്പെട്ടതായും പഞ്ചായത്ത്‌ സെക്രട്ടറി എ.ആർ. അജിത് കുമാർ പറഞ്ഞു.

ലൈഫ് പദ്ധതി ഉപഭോക്താക്കളായ ഏഴുപേരുടെ അക്കൗണ്ടിലേക്ക് അനധികൃതമായി അയച്ച 6,84,050 രൂപ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിലേ മറ്റ്‌ വിവരങ്ങൾ പറയാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

ആറാംവാർഡിൽ തെക്കേവാവനൂരിലെ ലൈഫ് പദ്ധതി ഉപഭോക്താവായ പാതിരിശ്ശേരി പറമ്പിൽ ധീരജിന് അവസാനഗഡുവായ രണ്ടുലക്ഷം രൂപ കിട്ടേണ്ടതിനുപകരം അക്കൗണ്ടിലേക്ക് 3.6 ലക്ഷം രൂപ കിട്ടി. അറിയാതെ പറ്റിയതാണെന്നും പണം തന്റെ അക്കൗണ്ടിലേക്ക്‌ മാറ്റിത്തരണമെന്നും വി.ഇ.ഒ. പറഞ്ഞു. സംശയം തോന്നിയ ധീരജ് തൃത്താല ബി.ഡി.ഒ.യെ വിവരമറിയിക്കുകയായിരുന്നു.

ബി.ഡി.ഒ. പ്രാഥമികാന്വേഷണം നടത്തി. നീർത്തടം, കൃഷിവികസന പദ്ധതികൾക്കായി നടപ്പാക്കുന്ന പി.എം.കെ.എസ്.വൈ. പദ്ധതിയിൽനിന്ന് രണ്ടുലക്ഷം രൂപയുടെ തിരിമറി നടന്നതായി ബോധ്യപ്പെട്ടുവെന്നും ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രാഥമികാന്വേഷണത്തിൽ വി.ഇ.ഒ. മുഖേന നടത്തിയ പല തിരിമറികളും പുറത്തുവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഏഴ്‌ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇതുപോലെ അധികതുക നിക്ഷേപിച്ചതായും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു.

അന്വേഷണസംഘം പഞ്ചായത്തിലെത്തും

സാമ്പത്തികത്തിരിമറിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പെർഫോമൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം വ്യാഴാഴ്ച പഞ്ചായത്ത്‌ സന്ദർശിക്കും. ലൈഫ്, കാർഷിക, നീർത്തട വികസനപദ്ധതികളിൽ നടന്നിട്ടുള്ള സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനാണ് സംഘമെത്തുന്നത്.

ഉപഭോക്തൃവിഹിതംവാങ്ങുന്നതിലും തിരിമറി

കൃഷിക്കാർക്ക് കാർഷികോപകരണങ്ങൾ സൗജന്യമായി വിതരണംചെയ്യുന്നതിൽ ഉപഭോക്തൃവിഹിതമായി ലഭിക്കുന്ന തുകയിൽ രണ്ടുലക്ഷത്തിലധികം രൂപയുടെ തിരിമറി നടന്നതായി രേഖകൾ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളിൽനിന്ന്‌ ലഭിക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കാതെ തിരിമറി നടന്നതായി പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതായും പറഞ്ഞു.


Below Post Ad