സൗദിയിൽ നിന്നും കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി ബസപകടം : പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം


 ടൂറിസ്റ്റ്  ബസ് പിന്നിലിടിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസിന്റെ ചില്ലു തകർന്ന് ബസിൽനിന്നു തെറിച്ച് റോഡിലേക്കു വീണ് യുവതി മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരത്ത് കണ്ടൻ ഷാഫിയുടെ ഭാര്യ സലീന (38) യാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലർച്ചെ 5.30-ന് ദേശീയപാതയിൽ അങ്കമാലി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. സലീനയോടൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന സഹോദരി അസ്മാബി (45), അസ്മാബിയുടെ ഭർത്താവ് അബ്ദുൽ റഷീദ് (53), മകൻ ഹിലാൽ (8), ബസിലെ യാത്രക്കാരിയായിരുന്ന നൂറനാട് വിളയിൽ പുത്തൻവീട്ടിൽ ടീനാമോൾ ഫിലിപ്പ് (27) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

സലീന മൂന്നുമാസം മുമ്പ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷാഫിയുടെ അടുത്തേക്ക് പോയിരുന്നു. ഉംറ നിർവഹിച്ച് മടങ്ങിവന്നതാണ്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി നാട്ടിലേക്ക് പോകാനാണ് കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസിൽ കയറിയത്. സലീനയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയതാണ് സഹോദരിയും കുടുംബവും. വിമാനത്താവളത്തിൽനിന്ന് അങ്കമാലിയിലെത്തിയ ലോഫ്ളോർ ബസ് സ്റ്റാൻഡിൽ കയറുന്നതിനായി തിരിച്ചു. 

ആലുവ റോഡിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന ലോഫ്ളോർ ബസിന്റെ പിൻഭാഗത്ത് ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് കർണാടകയിൽനിന്നു വന്നതാണ്. സലീന ഇരുന്ന പിൻസീറ്റിന്റെ വശത്താണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോഫ്ളോർ ബസിന്റെ ചില്ലുതകർന്ന് സലീന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. റോഡിൽ തലയടിച്ചാണ് മരണം.

മക്കൾ: ഷബ്ന, ഷഹ്ല. അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Below Post Ad