പൊന്നാനി: പൊന്നാനിയിലെ ഹാപ്പിനസ് സെന്ററിന്റെ കരുതലിൽ തെരുവിലെ അലച്ചിലിന് അറുതിയിട്ട് ഒരാൾ കൂടി വീടിന്റെ സന്തോഷത്തിലേക്ക്.ആന്ധ്രാ പ്രദേശിലെ നെല്ലൂർ സ്വദേശി ശിവകുമാർ സ്വന്തം വീടിന്റെ തണലിൽ ഇനിയുള്ള കാലത്തെ ജീവിതം ജീവിച്ചു തീർക്കും.
കഴിഞ്ഞ കുറേ വർഷങ്ങളായി തെരുവിലെ അനാഥത്വത്തിനൊപ്പം അലഞ്ഞ ശിവകുമാർ കഴിഞ്ഞ ജൂലായിലാണ് ഹാപ്പിനസ് സെന്ററിന്റെ തണലിലേക്ക് മാറിയത്.
പൊന്നാനി ചന്തപ്പടിയിൽ അലഞ്ഞു നടക്കുകയായിരുന്ന ശിവകുമാറിനെ ഹാപ്പിനസ് സെന്ററിലേയും ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലേയും വളണ്ടിയർമാർ ചേർന്ന് തൃക്കാവിലെ സെന്ററിലേക്കെത്തിക്കുകയായിരുന്നു.
താടിയും മുടിയും നീട്ടി വളർത്തിയും മുഷിഞ്ഞ വസ്ത്രം ധരിച്ചും വ്യത്തിഹീനമായ അവസ്ഥയിലായിരുന്നു ഇയാൾ.
കൃത്യമായ ചികിത്സയും പരിചരണവും നൽകിതോടെ അതിവേഗ മാറ്റമാണ് പ്രകടമാക്കിയത്.അൽഷിമേഴ്സിനൊപ്പം മാനസിക വിഭ്രാന്തി കൂടിയുണ്ടായിരുന്നു ഇയാൾക്ക്
തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയ ഹാപ്പിനസ് സെന്റർ പ്രവർത്തകർ തെലുങ്ക് അറിയാവുന്നവരെ കൊണ്ടുവന്ന് വിവരങ്ങൾ ആരാഞ്ഞു
ശിവകുമാർ നെല്ലൂരിൽ പൊലീസ് ഓഫീസറായിരുന്നുവെന്ന് സംസാരത്തിനൊടുവിൽ തിരിച്ചറിഞ്ഞു
ഇതേ തുടർന്ന് ഹാപ്പിനസ് സെന്ററിന്റെ നടത്തിപ്പ് പങ്കാളികളായ ദി ബാനിയന്റെ സഹകരണത്തോടെ നെല്ലൂരിൽ ശിവകുമാറിനെ കുറിച്ച് വിശദമായി അന്വേഷിക്കുകയും തിരിച്ചറിയുകയും ചെയ്തു.
ശിവകുമാറിനെ ഈ മാസം 28ന് നെല്ലൂർ എസ്.പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് കുടുംബത്തിന് കൈമാറും.