സംസ്ഥാനത്ത് അരിമുതൽ പച്ചക്കറികൾവരെ മുഴുവൻ അവശ്യവസ്തുക്കൾക്കും പൊള്ളുന്ന വില. വില അതിരുവിട്ടിട്ടും സർക്കാറിന് വിപണിയിൽ ഇടപെടാനായില്ല. രണ്ടാഴ്ചക്കിടയിൽ അരിക്ക് ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധനയുണ്ടായത്.
ചില്ലറവില കിലേക്ക് 10 മുതൽ 12 രൂപവരെ കൂടി. കുത്തക കമ്പനികൾ അവരുടെ ഔട്ട്‍ലറ്റുകൾ വഴി വിൽക്കാൻ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വർധിക്കാൻ കാരണമായി പറയുന്നത്. കയറ്റുമതി വർധിച്ചതും മറ്റൊരു കാരണമാണ്.
തിരുവനന്തപുരത്ത് ആഴ്ചകൾക്ക് മുമ്പ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയിൽ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതൽ നാലു രൂപ വരെ കൂടി. വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് തൽക്കാലം ആശ്വാസമാകുന്നത്. കേരളത്തിന് ആവശ്യമുള്ളത്രയും അരി ലഭ്യമാക്കുമെന്ന് ആന്ധ്രസർക്കാർ ഉറപ്പുനൽകിയതായും ഇതിനായി ജയ അരി ഉൽപാദനം വര്‍ധിപ്പിക്കാന്‍ ആന്ധ്ര തീരുമാനിച്ചതായും മന്ത്രി അനിൽ അറിയിച്ചു.
ഉള്ളിവിലയും റോക്കറ്റ് പോലെ കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ആഴ്ച പൊതുവിപണിയിൽ 60 രൂപയായിരുന്നത് തിങ്കളാഴ്ചയോടെ 110 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്ന സവാളക്ക് കിലോക്ക് അഞ്ചു മുതൽ 12 രൂപവരെയാണ് വർധിച്ചത്.
വിലവർധന ഉണ്ടെങ്കിലും ചില്ലറ വിപണിയെക്കാളും ആശ്വാസമാണ് ഹോർട്ടികോർപിൽ. ഉള്ളിക്ക് വില വർധിച്ചതോടെ ഹോട്ടലുകാർ ബിരിയാണിക്കും മുട്ട- ചിക്കൻ കറികൾക്കും വില കൂട്ടിത്തുടങ്ങി. ദീപാവലി സീസണും ജൂലൈയിൽ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് വിലവർധനക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
നിത്യോപയോഗ സാധന വില കുതിക്കുന്നു. അരിയും പച്ചക്കറിയും തൊട്ടാൽ പൊള്ളും
ഒക്ടോബർ 19, 2022
Tags