പട്ടാമ്പി: ഭാരതപ്പുഴസംരക്ഷണം ലക്ഷ്യമിട്ട് പട്ടാമ്പിയിൽ നിളയോരപാർക്ക് യാഥാർഥ്യമാവുന്നു. പുഴ കൂടുതൽ മലിനപ്പെടുന്നഭാഗം മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കാനാണ് പട്ടാമ്പി നഗരസഭ ലക്ഷ്യമിടുന്നത്.
2021-ലെ ഗാന്ധിജയന്തിദിനത്തിലാണ് പദ്ധതി തുടങ്ങിയത്. പുഴയോരത്തെ പട്ടാമ്പിപ്പാലംമുതൽ കടവുവരെയുള്ള ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ച്, മാലിന്യം നീക്കുകയുംചെയ്തു. പട്ടാമ്പിനഗരസഭയുടെ നിർദേശപ്രകാരം നാലുലക്ഷംരൂപ ചെലവിൽ ജലസേചനവകുപ്പിന്റെ നേതൃത്വത്തിലാണ് പുഴയോരത്തെ മാലിന്യം നീക്കിയത്. നിലവിൽ നിളയോരപാർക്ക് നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് അധികൃതർ.
കഴിഞ്ഞദിവസം പരിസ്ഥിതിക്കമ്മിറ്റി നിളയോരം സന്ദർശിച്ചിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിന് പദ്ധതി തടസ്സമാവുന്നുണ്ടോ എന്നാണ് അധികൃതർ പരിശോധിച്ചത്. പ്രാഥമിക പരിശോധനയിൽ പദ്ധതിക്ക് തടസ്സങ്ങളില്ലെന്നാണ് അധികൃതർ പറയുന്നത്. അന്തിമ അനുമതി ലഭിച്ചാൽ പദ്ധതി തുടങ്ങാനാവും.
പഴയകടവ് മുതൽ ഗുരുവായൂരപ്പൻക്ഷേത്രംവരെയുള്ള സ്ഥലം റവന്യൂവകുപ്പ് കൈയേറ്റമൊഴിപ്പിച്ച് അളന്നുതിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. പാർക്ക് നിർമാണത്തിനായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് 99 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്.
നിലവിൽ സായഹ്‌നങ്ങൾ ചെലവിടാൻ പട്ടാമ്പിയിൽ ഇടമില്ലാത്ത സ്ഥിതിയാണ്. പാർക്ക് വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവും.
പദ്ധതിയിൽ
പദ്ധതിയുടെഭാഗമായി തീരസംരക്ഷണം, സൗന്ദര്യവത്‌കരണം, മലിനജലം പുഴയിലേക്കെത്താതെ ശുദ്ധീകരിക്കുന്നതിനുള്ള മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കും. പുതിയ കംഫർട്ട് സ്റ്റേഷൻ നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്. പട്ടാമ്പിനഗരത്തിലെ മൂന്നോളം വലിയ അഴുക്കുചാലുകൾ നിലവിൽ ചേരുന്നത് ഭാരതപ്പുഴയിലേക്കാണ്. വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ജലസംഭരണിയിലേക്കാണ് മാലിന്യം ഒഴുകിയെത്തുന്നതെന്നതും വർഷങ്ങളായുള്ള ആശങ്കയാണ്. മലിനജല സംസ്കരണ പ്ലാന്റ് വന്നാൽ ഇതിന് പരിഹാരംകാണാനാവും. മുമ്പുനടന്ന പഠനങ്ങളിൽ ജില്ലയിൽ ഭാരതപ്പുഴ കൂടുതൽ മലിനപ്പെടുന്നഭാഗം പട്ടാമ്പിയാണെന്ന് കണ്ടെത്തിയിരുന്നു. പാർക്ക് വരുന്നതോടെ ഇതിനൊക്കെ മാറ്റംവരുമെന്നാണ് പ്രതീക്ഷ.