കുറ്റിപ്പുറം : മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ കുറ്റിപ്പുറത്ത് ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ 4 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു.
സ്റ്റേഷന്റെ ആദ്യഘട്ട നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. 1.5 കോടി രൂപ ചെലവിലാണ് ഇരു പ്ലാറ്റ്ഫോമുകളിലുമായി ലിഫ്റ്റ് സംവിധാനം ഒരുക്കുന്നത്.
ഷെൽറ്ററുകളുടെ നിർമാണത്തിന് 1.5കോടിയും നിലവിലെ കെട്ടിടങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
വികസന പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ജോലികൾ ഉടൻ ആരംഭിക്കുമെന്നും എംപിയുടെ ഓഫിസ് അറിയിച്ചു.
പ്ലാറ്റ് ഫോം രണ്ടിൽ ആറ് ഷെൽട്ടറുകളുടെയും പ്ലാറ്റ് ഫോം ഒന്നിൽ രണ്ട് ഷെൽട്ടറുകളുടെയും നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു.