ഖത്തറിലെ കൊടിയേറ്റത്തിന്റെ ഏതാനും മണിക്കൂറുകൾക്ക് മുൻപ്, തൃത്താലയിലെ സോക്കർ കാർണിവലിന് കൊടിയിറങ്ങി. തിരുമറ്റക്കോട് നടന്ന ചടങ്ങിൽ എന്നോടൊപ്പം, കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ സി കെ വിനീതും മന്ത്രി എം.ബി രാജേഷിനൊപ്പം പങ്കെടുത്തു.
സോക്കർ കാർണിവലിന്റെ സമാപനം തൃത്താലയ്ക്ക് ഏറെ ആവേശം പകരുന്ന ഒരു പ്രഖ്യാപനത്തോടെയാണ്. തൃത്താലയിൽ സി കെ വിനീത് നേതൃത്വം കൊടുക്കുന്ന ഒരു ഫുട്ബോൾ അക്കാദമി ആരംഭിക്കുന്ന കാര്യം ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു. എത്രയും പെട്ടന്ന് അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. തൃത്താലയിലെ കുരുന്നുപ്രതിഭകളെ ഭാവിയിലെ മികച്ച താരങ്ങളായി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. അവരുടെ മുന്നിൽ വലിയ അവസരങ്ങളുടെ ലോകം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ലോകകപ്പ് ആവേശത്തിന്റെ നെറുകയിലാണ് കേരളം, തൃത്താല അതിന്റെ കൊടുമുടിയിലേറിയതാണ് സോക്കർ കാർണിവലിലൂടെ കണ്ടത്. വിപുലമായ പരിപാടികളാണ് സോക്കർ കാർണിവലിന്റെ ഭാഗമായി തൃത്താലയിൽ അരങ്ങേറിയത്.
സമാപനത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫുട്ബോൾ മത്സരം, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള മത്സരം, ഷൂട്ടൗട്ട് മത്സരം എന്നിവ നടന്നു. കഴിഞ്ഞ ദിവസങ്ങളിലായി വെറ്ററൻസ് മാച്ച്, ജെൻഡർ ന്യൂട്രൽ മത്സരം, പെൺകുട്ടികളുടെ മത്സരം, ഫുട്ബോൾ പ്രമേയമായ വിശ്വസിനിമകളുടെ പ്രദർശനം, ഫുട്ബോൾ നാടകോത്സവം എന്നിവയെല്ലാം അരങ്ങേറി.
ഇന്നലെ തൃത്താല കെ ബി മേനോൻസ് ഹൈസ്കൂൾ മൈതാനത്ത് എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന വിഖ്യാത കഥയെ ആസ്പദമാക്കിയുള്ള നാടകാവിഷ്കാരം ഒരു പുതിയ അനുഭവമായി പ്രേക്ഷകർക്ക് മാറി. ഹിഗ്വിറ്റ നാടക അഭിനേതാക്കളുടെ കൂട്ടത്തിലൊരാൾ ഇരിഞ്ഞാലക്കുട നഗരസഭാ ചെയർപേഴ്സൻ സോണിയാ ഗിരിയായിരുന്നു. കാർണിവലിന്റെ ഭാഗമായി വിനീതിന് പുറമേ കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, പ്രമുഖ കളിയെഴുത്തുകാരനായ രവീന്ദ്രദാസ് ഉൾപ്പെടെയുള്ളവരുമെത്തി.
ഒന്ന് തിരി കൊളുത്തിക്കൊടുക്കുകയേ വേണ്ടിയിരുന്നുള്ളൂ, തൃത്താലയിലാകെ ആ ആവേശം കത്തിപ്പടരുകയായിരുന്നു. തൃത്താലയിലെ എല്ലാ പഞ്ചായത്തുകളിലുമായി കക്ഷി രാഷ്ട്രീയ- ജാതിമത- സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ആളുകൾ സോക്കർ കാർണിവലിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തു.
ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തവണ തൃത്താലയിൽ സോക്കർ കാർണിവൽ സംഘടിപ്പിച്ചത്. കാർണിവൽ വൻ വിജയമാക്കിയ എല്ലാവർക്കും മന്ത്രി എം ബി രാജേഷ് നന്ദി രേഖപ്പെടുത്തി.