ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന രാമകൃഷ്ണന്‍ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.
ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർ വശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.
പുഴയോരത്ത് മീൻ പിടിക്കാൻ വന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല.