മരിക്കാൻ പോകുന്നു ; പുലർച്ചെ ഭർത്താവിന് വാട്സാപ്പ് സന്ദേശം; രണ്ടുമക്കളും മാതാവും രാവിലെ മരിച്ചനിലയിൽ


 

കോട്ടയ്ക്കൽ ചെട്ടിയാംകിണറിൽ രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുന്നതിന് മുമ്പ് യുവതി ഭർത്താവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായി വിവരം. ചെട്ടിയാംകിണർ നാവുന്നത് റാഷിദ് അലിയുടെ ഭാര്യ സഫ്വ(26)യാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും മുമ്പ് ഭർത്താവിന് സന്ദേശമയച്ചത്. താൻ മരിക്കാൻ പോവുകയാണെന്നായിരുന്നു പുലർച്ചെ മൂന്നുമണിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.

വ്യാഴാഴ്ച രാവിലെയാണ് സഫ്വ മക്കളായ ഫാത്തിമ മർസീഹ(നാല്) മറിയം(ഒന്ന്) എന്നിവരെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവായ റാഷിദ് അലി തന്നെയാണ് വിവരം മറ്റുള്ളവരെയും പോലീസിനെയും അറിയിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. വിഷം നൽകിയാണ് മക്കളെ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസിന്റെ പ്രതികരണം.

കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന ഭർത്താവ് റാഷിദ് അലി ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസം രാത്രി സഫ്വയും മക്കളും ഒരു മുറിയിലും ഭർത്താവ് മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്.

വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് താൻ മരിക്കാൻ പോവുകയാണെന്ന് സഫ്വ ഭർത്താവിന് വാട്സാപ്പ് സന്ദേശം അയച്ചത്. എന്നാൽ മറ്റൊരു മുറിയിലായിരുന്ന റാഷിദ് അലി ഉറക്കം എഴുന്നേറ്റ ശേഷമാണ് ഈ സന്ദേശം കണ്ടതെന്നും തുടർന്ന് മുറി പരിശോധിച്ചപ്പോൾ മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയെന്നുമാണ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Below Post Ad