ബംഗളൂരു: നഗരത്തിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥി മരിച്ചു. കെങ്കേരി ക്രൈസ്റ്റ് കോളജിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും ചാലിശ്ശേരി പെരുമണ്ണൂർ രാം മോഹൻ- പ്രീത ദമ്പതികളുടെ മകനുമായ കാര്‍ത്തിക് മോഹനാണ്(18) മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് കോളജ് ഹോസ്റ്റലില്‍നിന്ന് നന്ദി ഹില്‍സിലേക്ക് സുഹൃത്തുക്കളോടൊപ്പം പോകുന്നതിനിടെ ആഡുഗൊടിയിലാണ് അപകടം.
റോഡില്‍ നിന്ന് ലോറി തിരിക്കുന്നതിനിടെ കാര്‍ത്തിക് ഓടിച്ച ബൈക്ക് ലോറിയിൽ വന്നിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ സുഹൃത്തുക്കള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്രിസ്മസ് അവധിക്ക് വ്യാഴാഴ്ച വൈകീട്ട് കാർത്തിക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം.
സെന്റ് ജോണ്‍സ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ നടന്നു .ഐശ്വര്യയാണ് കാർത്തികിന്റെ സഹോദരി