ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച വലിയ കുഴിയിലേക്ക് കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തൃശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. മാവൂര്‍ സ്വദേശി കൊക്കിനാത്ത് ആദര്‍ശ് (26), വയനാട് സ്വദേശി വെട്ടുക്കാട്ടില്‍ ജസ് (18) എന്നിവരാണ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
തേഞ്ഞിപ്പലം പാണമ്പ്രയില്‍ തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു അപകടം. സര്‍വിസ് റോഡിലൂടെ കയറി വന്ന കാര്‍ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച വലിയ കുഴിയിൽ വീഴുകയായിരുന്നു. സർവിസ് റോഡുകളില്‍ ദിശാബോര്‍ഡുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയത്.
ദിശാബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ കുഴി ശ്രദ്ധയിൽപെട്ടില്ലെന്ന് യുവാക്കള്‍ പറഞ്ഞു. ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എൻ.ആർ കൺസ്ട്രക്ഷൻ കമ്പനി അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
കുഴിയിൽ വീണ കാർ ഉടൻ തന്നെ ക്രെയിൻ ഉപയോഗിച്ച് എടുത്തുമാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പിന്നീട് പൊലീസെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്.