എടപ്പാൾ: ക്രിസ്മസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.
കാലടി-പാറപ്പുറം മേലെപ്പുറത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് ഫായിസ് (22) ആണ് പിടിയിലായത്. എടപ്പാൾ-പട്ടാമ്പി റോഡിൽ തുണിക്കടയുടെ മുൻവശത്തെ റോഡരികിൽ നിന്നാണ് 1.50 ഗ്രാം എം.ഡി.എം.എയുമായി ഫായിസിനെ പിടികൂടിയത്.
പ്രതി മേഖലയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊന്നാനി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിനീഷിന്റെ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർ ഗണേശൻ, ഗ്രേഡ് പ്രിവൻറീവ് ഓഫിസർ ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ജറിൻ, ശരത്ത്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.