എടപ്പാളിൽ അപകടത്തിൽപെട്ട സ്കൂട്ടറിൽ നിന്നും ഒന്നേക്കാൽ കിലോ കഞ്ചാവ് പിടികൂടി. പൊന്നാനി സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്



എടപ്പാൾ: സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തു.പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ വീട്ടിൽ ഷിഹാബുദ്ധീനാണ് അപകടത്തിൽ പരിക്കേറ്റത്.


വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെ എടപ്പാൾ പൊന്നാനി റോഡിലാണ് സംഭവം. കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയിൽ ഓടിച്ചതോടെ സ്കൂട്ടർ അപകടത്തിൽ പെട്ടതാണെന്നാണ് നിഗമനം.

അപകടം ശ്രദ്ധയിൽ പെട്ട എടപ്പാളിലെ ഓട്ടോറിഷ തൊഴിലാളികൾ പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് എടപ്പാളിൽ പെട്രോളിങിലായിരുന്ന എഎസ്ഐ ഉഷ, സിപിഒ ഷെബീർ എന്നിവരടങ്ങുന്ന പോലീസ് സംഘം അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്റെ പുറകിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്.

എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ എസ് സിപിഒ ഷിജു, സിപിഒ മുകേഷ് എന്നിവരടങ്ങുന്ന കൂടുതൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഷിഹാബുദ്ധീൻ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്


Below Post Ad