കരിപ്പൂർ: 2023ലെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം ഡിസംബർ അവസാനത്തോടെ. ജനുവരി ഒന്നിന് മുമ്പ് അപേക്ഷ ക്ഷണിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇക്കുറി ഹജ്ജ് അപേക്ഷ വൈകിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സാങ്കേതികവിദ്യയുടെ കാലത്ത് അപേക്ഷ സമർപ്പണത്തിനും അനുബന്ധ നടപടികൾക്കും കുറഞ്ഞ സമയം മതിയെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ ഫോമിൽ അടുത്ത തവണ മുതൽ ചെറിയ മാറ്റങ്ങൾ വരുന്നുണ്ട്. ഇതാണ് നടപടിക്രമങ്ങൾ വൈകാൻ കാരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കുന്നത്. വിഷയത്തിൽ ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇക്കുറി ഹജ്ജ് അപേക്ഷ നടപടിക്രമങ്ങൾ വൈകിയതായി വ്യാപകമായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ തവണ നവംബർ ഒന്നിനായിരുന്നു അപേക്ഷ ക്ഷണിച്ചത്. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കുന്നതിന് സമയം നൽകുകയും ഇത് പിന്നീട് ഫെബ്രുവരി 15ലേക്ക് നീട്ടുകയും ചെയ്തിരുന്നു.
സാധാരണ നവംബറിൽ തന്നെ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ 40 ദിവസത്തിനകം നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിനാലാണ് നീളുന്നതെന്നും ഇക്കുറി കൂടുതൽ സമയമുണ്ടെന്നുമാണ് ഹജ്ജ് കമ്മിറ്റിയുടെ വിശദീകരണം.
നിലവിലുള്ള ഹജജ് നയത്തിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ നയം തയാറാക്കുന്നതിനുള്ള നടപടികളും വൈകിയാണ് ആരംഭിച്ചത്. ഹജ്ജ് നയം വന്നാൽ മാത്രമേ അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. പാസ്പോർട്ടിന് പകരം ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കണമെന്ന നിർദേശം ഉൾപ്പെടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഹജ്ജ് അപേക്ഷ ഡിസംബർ അവസാനത്തോടെ ക്ഷണിച്ചേക്കും
ഡിസംബർ 13, 2022
Tags