പട്ടാമ്പി: പട്ടാമ്പിയിലും ഓങ്ങല്ലൂരിലും പൊതു കളിസ്ഥലങ്ങൾ നവീകരിച്ചു. നഗരസഭയിലെ ശങ്കരമംഗലം തെക്കുമുറിയിലെ മുനിസിപ്പൽ സ്‌റ്റേഡിയം റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷംരൂപ ചെലവിലാണ് നവീകരിച്ചത്.
ചെരിവുള്ള കളിസ്ഥലം നിരപ്പാക്കി, നാലുഭാഗവും വേലിതിരിച്ചുള്ള നവീകരണമാണ് നടപ്പാക്കിയത്. ഗാലറി, അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫുട്‌ബോൾ, വോളിബോൾ എന്നിവയ്‌ക്കായി കളിസ്ഥലം ഉപയോഗിക്കാം. നേരത്തേ നഗരസഭയിലെ കിഴായൂർ ചെറുള്ളിപറമ്പ് സ്‌റ്റേഡിയം നവീകരിച്ചിരുന്നു.
ഓങ്ങല്ലൂർ പഞ്ചായത്തിലെ പൊതു കളിസ്ഥലം ഒരുകോടിരൂപ ചെലവിലാണ് നവീകരിച്ചത്.
കളിസ്ഥലം രണ്ടടി ഉയരത്തിൽ മണ്ണിട്ടുയർത്തി. ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ, ക്രിക്കറ്റ് പരിശിലനത്തിനുള്ള സൗകര്യവും ഗ്രൗണ്ടിലുണ്ട്. ശൗചാലമയം, കളിക്കാർക്ക് വസ്ത്രങ്ങൾ മാറാനുള്ള മുറി എന്നിവയും നിർമിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പട്ടാമ്പിയിലെയും നാലിന് ഓങ്ങല്ലൂരിലെയും ഗ്രൗണ്ടുകളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അറിയിച്ചു. ഇരു ഗ്രൗണ്ടുകളുടെയും അവസാനഘട്ട പ്രവൃത്തികളും വിലയിരുത്തി.
പുതുവർഷസമ്മാനമായി പൊതു കളിസ്ഥലങ്ങൾ | KNews
ഡിസംബർ 29, 2022
Tags