സൗദിയിലേക്കുള്ള പ്രഫഷണൽ വിസ സ്റ്റാമ്പിങ്; ഇനി കോൺസുലേറ്റ് എംബസി അറ്റസ്റ്റേഷൻ വേണ്ട

 


ജിദ്ദ: സൗദിയിലേക്കുള്ള പ്രഫഷണൽ വിസാ സ്റ്റാമ്പിങിന് സൗദി കോൺസുലേറ്റ്, എംബസി അറ്റസ്റ്റേഷൻ വേണമെന്ന നിബന്ധന നീക്കി. പ്രഖ്യാപിച്ച പുതിയ രീതി പ്രകാരം സൗദി വിസാ സ്റ്റാമ്പിങിന് ഇനി മാസങ്ങൾ കാത്തിരിക്കേണ്ടി വരില്ല. മാസങ്ങൾ നീളുന്ന എംബസി കോൺസുലേറ്റ് അറ്റസ്റ്റേഷന് പകരം അപോസ്റ്റൽ അറ്റസ്റ്റേഷൻ മതി.

അപോസ്റ്റൽ അറ്റസ്റ്റേഷൻ ഡൽഹിയിലെ വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നാണ് ലഭിക്കുക. ഇതിന് പരമാവധി ഏഴു ദിവസം മതി. സൗദിയിലേക്ക് വിവിധ പ്രഫഷണൽ വിസകളിൽ വരുന്നവർക്കുള്ള വിസ സ്റ്റാമ്പിങിന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർബന്ധമായിരുന്നു. അതായത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്ന് ഉറപ്പു വരുത്തണം.

ഇതിനായി സർട്ടിഫിക്കറ്റുകൾ സൗദിയുടെ മുംബൈ കോൺസുലേറ്റിലേക്കോ ഡൽഹി എംബസിയിലേക്കാ അയക്കും. എംബസിയും കോൺസുലേറ്റും സർട്ടിഫിക്കറ്റുകൾ അസ്സലാണെന്ന് ഉറപ്പു വരുത്താൻ അതത് സർവകലാശാലകളിലേക്കും അയക്കും. ഇതിന് മാസങ്ങളായിരുന്നു സമയമെടുത്തത്. ഇതോടെ വിസ ലഭിച്ചയാൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം വർധിച്ചു. ഇതാണ് പുതിയ രീതിക്ക് കാരണം.

പുതിയ രീതി പ്രകാരം ഏഴു ദിവസം മതി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്. ഇതുപയോഗിച്ച് സൗദിയിലേക്ക് വരാം. എന്നാൽ പെർമനന്റ് ഫാമിലി വിസ എടുക്കാൻ എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ വേണ്ടിവരുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം. ഇക്കാര്യത്തിൽ കൃത്യത വരാൻ കാത്തിരിക്കേണ്ടി വരും.

എങ്കിലും പെട്ടെന്ന് ജോലിക്ക് കയറേണ്ടവർക്ക് പുതിയ രീതി പാലിച്ചാൽ മതി. സൗദിയിലെത്തിയ ശേഷം ഇവർക്ക് സർട്ടിഫിക്കറ്റ് നാട്ടിലേക്കയച്ച് കോൺസുലേറ്റ്, എംബസി അറ്റസ്റ്റേഷൻ അത്യാവശ്യമെങ്കിൽ പൂർത്തിയാക്കുകയും ചെയ്യാം.

Below Post Ad