അടുത്ത ആഴ്ച അപേക്ഷ സ്വീകരിച്ചുതുടങ്ങാനാണ് ഇപ്പോഴത്തെ ശ്രമം. ഹജ്ജ് നയം തയാറാക്കുന്നതിൽ മുൻകാലങ്ങളിലില്ലാത്ത കാലതാമസമാണ് ഇക്കുറി ഉണ്ടായത്. ഇതാണ് അപേക്ഷ നീളാൻ കാരണമായത്. എല്ലാം ഓൺലൈനായതിനാൽ കുറഞ്ഞ സമയം മാത്രം മതിയെന്ന വാദമാണ് ഹജ്ജ് കമ്മിറ്റി മുന്നോട്ടുവെക്കുന്നത്.
ജൂൺ അവസാനമാണ് ഇക്കുറി ഹജ്ജ് വരുന്നത്. ജൂൺ ആദ്യവാരം മുതൽ ഹജ്ജ് തീർഥാടനം ആരംഭിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. അവസരം ലഭിക്കുന്നവർക്ക് മാനസികമായി ഒരുങ്ങുന്നതിനുള്ള സമയം പോലും ലഭിക്കില്ലെന്ന വിമർശനം അടക്കം ഉയർന്നിട്ടുണ്ട്.
ഹജ്ജ് നയത്തിന്‍റെ കരട് ഒരാഴ്ച മുമ്പ് വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് കേന്ദ്രം അയച്ചുനൽകിയിരുന്നു. നിലവിലുള്ള നയത്തിൽനിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ കരട് നയവും തയാറാക്കിയിരിക്കുന്നത്.
ഇതിന് കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ മാത്രമേ തുടർനടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്രമന്ത്രിസഭയിലെ മാറ്റവും നടപടികൾ നീളാൻ കാരണമായി.
കോവിഡിനുശേഷം ഇക്കുറി 1.75 ലക്ഷം തീർഥാടകർക്കാണ് സൗദി അറേബ്യ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 1.25 ലക്ഷം പേരും ഹജ്ജ് കമ്മിറ്റി വഴിയാണ് പോവുക. ഇത്രയും തീർഥാടകരുടെ വിസ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെല്ലാം പൂർത്തികരിക്കേണ്ടതുണ്ട്.