പട്ടാമ്പി: വേനലാരംഭത്തിൽത്തന്നെ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ ജലക്ഷാമത്തിന്റെ ആശങ്കയിലാണ് തീരദേശമേഖല.
സാധാരണ വേനലിലും പട്ടാമ്പി പഴയകടവുവരെ പുഴ നിറഞ്ഞുകിടക്കാറുണ്ട്. എന്നാൽ, ഇത്തവണ ജനുവരി ആരംഭത്തിൽതന്നെ ജലനിരപ്പ് ഏറെ താഴ്ന്നു. വെള്ളിയാങ്കല്ലിൽ പൂർണതോതിൽ ജലസംഭരണം തുടങ്ങാനായിട്ടുമില്ല.
പട്ടാമ്പി നഗരസഭയിലെ തോട്ടുകണ്ടം കടവിലും മുതുതലയിലും താത്കാലിക തടയണകൾ കെട്ടിയാണ് മുൻവർഷങ്ങളിൽ വേനലിലേക്ക് ജലസംഭരണം നടത്തിയിരുന്നത്.
ദിവസേനയുള്ള പമ്പിങ്ങും ചൂടുകൂടുന്നതുമൂലമുള്ള ബാഷ്പീകരണവും വെള്ളം താഴാനിടയാക്കുന്നുണ്ട്. തൂതപ്പുഴയിലെ സ്ഥിതിയും മറിച്ചല്ല.
ആശങ്കയേറെ
11 മേജർ കുടിവെള്ള പദ്ധതികൾക്കും തൃശ്ശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകൾക്കും മൂന്നുനഗരസഭകൾക്കും വെള്ളമെത്തിക്കുന്ന പാവറട്ടി ശുദ്ധജലവിതരണ പദ്ധതിയും തൃത്താല െറഗുലേറ്ററിന് കീഴിലുണ്ട്.
തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിലേക്കും പാവറട്ടി പദ്ധതിയിൽ നിന്ന് കുടിവെള്ളവിതരണം നടത്തുന്നുണ്ട്. പാവറട്ടി പദ്ധതിയുടെ പ്രവർത്തനത്തിനുമാത്രം ദിവസവും 40 ദശലക്ഷം ലിറ്റർ വെള്ളംവേണം. പാവറട്ടി പദ്ധതി നിലച്ചാൽ ദുരിതത്തിലാവുക 15,000 ഗുണഭോക്താക്കളാണ്.
മലമ്പുഴ തുറക്കേണ്ടിവരും
െറഗുലേറ്ററിന്റെ പരമാവധി സംഭരണശേഷി 4.5 മീറ്ററാണെങ്കിലും വേനലിൽ ഇത്രയും ജലനിരപ്പ് നിലനിർത്താനാവാറില്ല. ജലനിരപ്പ് തുടർച്ചയായി നിലനിർത്തിയാൽ മാത്രമെ പമ്പിങ് തടസ്സമില്ലാതെ നടത്താനാവുകയുള്ളൂ.
ഇതിനായി ഇക്കുറി നേരത്തെത്തന്നെ മലമ്പുഴ അണക്കെട്ട് തുറക്കേണ്ടിവരും. നിലവിൽ പമ്പിങ്ങിന് പ്രശ്‌നമില്ലെന്നും ജലനിരപ്പ് ഇനിയും താഴ്ന്നാൽ വരുംദിവസങ്ങളിൽ പമ്പിങ് പ്രതിസന്ധിയിലാവാൻ സാധ്യതയുണ്ടെന്നും തൃത്താല ജലവിഭവവകുപ്പധികൃതർ പറഞ്ഞു.