തദ്ദേശദിനാഘോഷം: സാംസ്കാരികോത്സവം  ഇന്നു തുടങ്ങും.


 

തൃത്താല : ചാലിശ്ശേരിയിൽ നടക്കുന്ന തദ്ദേശദിനാഘോഷത്തിന്റെ വേദികൾ ചൊവ്വാഴ്ച ഉണരും. 18, 19 തീയതികളിലാണ് സംസ്ഥാനതല തദ്ദേശദിനാഘോഷം. ചൊവ്വാഴ്ച വൈകീട്ട് കലാസാംസ്കാരിക പരിപാടികളാണ് തുടങ്ങുക.

തൃത്താല വെള്ളിയാങ്കല്ല് പൈതൃകപാർക്കിൽ വൈകീട്ട് ആറിന് ‘അലോഷി പാടും’ എന്നപേരിൽ ഗായകൻ അലോഷി ആഡംസിന്റെ സംഗീതസായാഹ്നമുണ്ടാകും.

ഫെബ്രുവരി 18-ന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശദിനാഘോഷം ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ചപ്രകടനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി സ്വരാജ് ട്രോഫി സമ്മാനിക്കും.

 ദിനാചരണത്തിന്റെ ഭാഗമായുള്ള സമ്മേളനം പ്രധാനവേദിയായ ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിലാണ്. പ്രദർശന-വിപണന മേളയും ഭക്ഷ്യമേളയും മുലയംപറമ്പ് മൈതാനിയിലും നടക്കും.

 ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ തൃത്താലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വെള്ളിയാങ്കല്ലിൽ കയാക്കിങ്ങടക്കമുള്ള സാഹസിക കായികവിനോദപരിപാടികൾ ഒരുക്കും.

⭕ചിത്രകലാക്യാമ്പും സൂഫിസംഗീതവും

തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി 14 മുതൽ കലാപരിപാടികൾ ആരംഭിക്കും. 15-ന് വട്ടേനാട് ജി.എൽ.പി.എസിൽ സമീർ ബിൻസിയും ഇമാം മജ്ബൂറും സൂഫിസംഗീതമവതരിപ്പിക്കും. ഫെബ്രുവരി 16-ന് രാവിലെ 10 മുതൽ ഏകദിന ചിത്രകലാക്യാമ്പ് മുലയംപറമ്പ് ഗ്രൗണ്ടിൽ നടക്കും.

  16 മുതൽ 19 വരെ മുലയംപറമ്പ് ഗ്രൗണ്ടിൽ വിപണനമേളയുണ്ട്. 16-ന് വൈകീട്ട് ആറിന് ലിറ്റിൽ എർത്ത് സ്കൂൾ തിയേറ്റർ അവതരിപ്പിക്കുന്ന ‘ക്ലാവർ റാണി’ നാടകമുണ്ടാകും. രാത്രി എട്ടിന് കൂറ്റനാട് ഫോക്ക് വോയ്‌സ് നാടൻപാട്ടുകൾ അവതരിപ്പിക്കും.

17-ന് വൈകുന്നേരം മൂന്നിന് വിളംബരജാഥ ചാലിശ്ശേരി സെന്ററിൽനിന്ന് തുടങ്ങും. വൈകുന്നേരം ആറിന് പെരിങ്ങോട് ചന്ദ്രന്റെ നേതൃത്വത്തിൽ 101 പേരുടെ പഞ്ചവാദ്യമുണ്ടാകും. രാത്രി എട്ടിന് ഞമനേങ്ങാട് തിയേറ്റർ ‘പാട്ടബാക്കി’ നാടകം അവതരിപ്പിക്കും.

18-ന് വൈകീട്ട് നാലുമണിക്ക് 100 കലാകാരന്മാർ അണിനിരക്കുന്ന ചവിട്ടുകളി, അഞ്ചിന് അൻസാരി കൺവെൻഷൻ സെന്ററിൽ മുരളീമേനോന്റെ സിത്താർവാദനം, ആറിന് ആറങ്ങോട്ടുകര വയലി മ്യൂസിക്ക് എന്നിവയുമുണ്ടാകും. 

രാത്രി എട്ടിന് പ്രോജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക്‌ഷോയുമായി ഗായിക സിത്താര കൃഷ്ണകുമാറും സംഘവുമെത്തും. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ്-ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേകസ്റ്റാളുകളുമുണ്ട്.


Tags

Below Post Ad